ഇത് വീരചരിതം, അവിസ്മരണീയം

യാത്രി ജെസെന്‍

PRO
മമ്മൂട്ടിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെ മലയാളികള്‍ മറന്നേക്കുക. പഴശ്ശി അതിനൊക്കെ മുന്നിലാണ്. ഈ കഥാപാത്രമായി അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന്‍ നടത്തിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ അര്‍പ്പിച്ച ഒരു പ്രകടനം. ഒരു തികഞ്ഞ പോരാളിയുടെ മെയ്‌വഴക്കത്തോടെ ക്ലൈമാക്സ് രംഗങ്ങളില്‍ നിറഞ്ഞാടുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ഭാവചലനങ്ങള്‍ കേരള സിംഹത്തിന്‍റേതു തന്നെയാണ്, ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ഫ്രെയിമില്‍ കാണാന്‍ കഴിയില്ല. ‘പഴശ്ശിരാജയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്‍റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുകയാണ്.

ഹരിഹരന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാം ഈ പ്രയത്നത്തിന്. അതിഗംഭീരമായ ഒരു സിനിമയാണ് അദ്ദേഹം മലയാളത്തിന് നല്‍കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഫ്രെയിമുകള്‍. ഓരോ ഷോട്ടിലും ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകള്‍. ബ്രിട്ടീഷ് അഭിനേതാക്കള്‍. കിടിലം കൊള്ളിക്കുന്ന യുദ്ധരംഗങ്ങള്‍. പെയിന്‍റിംഗ് ഷോ പോലെ മനോഹരമായ ഗാനരംഗങ്ങള്‍. ഇത് മലയാളത്തില്‍ ഒരു ഹരിഹരനേ സാധിക്കൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ധീരമായ സമര്‍പ്പണം.

റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തെ പരാമര്‍ശിക്കാതെ വയ്യ. ഒരു ഇലയനക്കം പോലും അതിന്‍റേതായ തീവ്രതയോടെ സൃഷ്ടിച്ചിരിക്കുകയാണ് റസൂല്‍. യുദ്ധരംഗങ്ങളിലെ വാള്‍ ചുഴറ്റലുകള്‍ കാതില്‍ സൃഷ്ടിക്കുന്ന വികാരത്തിന് റസൂലിന് നന്ദി പറയണം. കഥാപാത്രങ്ങളുടെ നിശ്വാസം പോലും അദ്ദേഹം പകര്‍ത്തി നല്‍കുകയാണ്. ഇളയരാജയുടെ സംഗീതവും മനോഹരം. “ആദിയുഷസ്സന്ധ്യ പൂത്തതിവിടെ” എന്ന ഗാനം ആവേശമുണര്‍ത്തും. “കുന്നത്തെ കൊന്നയ്ക്കും പൊന്‍‌മോതിരം” എന്ന ഗാനം പഴശ്ശിരാജയുടെയും കൈതേരി മാക്കത്തിന്‍റെയും പ്രണയരംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. “ഓടത്തണ്ടില്‍ താളം കൊട്ടും കാറ്റില്‍”, “അമ്പും കൊമ്പും കൊമ്പന്‍ കാറ്റും” എന്നീ ഗാനങ്ങളും ഗംഭീരം.

എടച്ചേന കുങ്കനായി ശരത്കുമാര്‍ തിളങ്ങി. ഒരു മലയാള നടന്‍ ചെയ്യുന്നതിനേക്കാള്‍ ഗംഭീരമായി കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശരത്തിനു കഴിഞ്ഞു. ആദ്യപകുതിയില്‍ പഴശ്ശിരാജയുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നെങ്കിലും അവസാന രംഗങ്ങളില്‍ പഴയം വീടന്‍ ചന്തു(സുമന്‍)വുമൊത്തുള്ള പോരാട്ട രംഗങ്ങള്‍ ശരത് അവിസ്മരണീയമാക്കി. കൈതേരി അമ്പുവിനോട് തന്‍റെ ഭൂതകാലം വിവരിക്കുന്ന രംഗങ്ങളും ഗംഭീരം.

വാക്കുകളില്‍ ഒതുങ്ങുന്നതല്ല പത്മപ്രിയയുടെ പ്രകടനം. ആക്ഷന്‍ രംഗങ്ങളില്‍ അതീവ മികവു പുലര്‍ത്തി ഈ അഭിനേത്രി. എന്നാല്‍ കനിഹയ്ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തിലില്ല. സുമന്‍റെ പ്രകടനവും ശരാശരിയില്‍ ഒതുങ്ങുന്നു. കുറുമ്പ്രനാട് രാജാവായി തിലകന്‍ മനോഹരമായി. നെടുമുടി വേണു(മൂപ്പന്‍), ക്യാപ്ടന്‍ രാജു(ഉണ്ണി മൂത്ത), മാമുക്കോയ(അത്താന്‍ ഗുരുക്കള്‍), അജയ് രത്നം(സുബൈദാര്‍ ചേരന്‍), ദേവന്‍(കണ്ണവത്ത് നമ്പ്യാര്‍), ഊര്‍മ്മിള ഉണ്ണി(ചിറയ്ക്കല്‍ തമ്പുരാട്ടി) എന്നിവര്‍ തങ്ങളുടെ വേഷം മികവുറ്റതാക്കി. എന്നാല്‍ ജഗതി(കണാര മേനോന്‍)യും ജഗദീഷും(ഭണ്ഡാരി) പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി. ജഗദീഷിന്‍റേത് ഒരു കോമാളിക്കഥാപാത്രമായി മാറി.
PRO


പഴശ്ശിരാജയുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും ഒറ്റയ്ക്ക് കമ്പനിപ്പടയെ തുരത്തുന്നതുമൊക്കെ കുറച്ചുകൂടി സ്വാഭാവികമാക്കാമായിരുന്നു. രാം നാഥ് ഷെട്ടി, വേണു, മനോജ് പിള്ള തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇംഗ്ലീഷ് സിനിമകളുടെ സാങ്കേതികത്തികവാണ് ഓരോ രംഗങ്ങള്‍ക്കും ഈ ക്യാമറാമാന്‍‌മാര്‍ സമ്മാനിച്ചത്. രവി ദേവന്‍റെ ആക്ഷന്‍ സംവിധാനവും എക്സലന്‍റ്‌.

WEBDUNIA|
മലയാ‍ള ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല. ഇത് തിയേറ്ററില്‍ കാണേണ്ട ദൃശ്യ വിസ്മയമാണ്. ഇതുപോലെയൊരു ചിത്രം ലോകത്തിന് നല്‍കാനുള്ള കെല്‍പ്പ് മലയാള സിനിമാലോകത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. അണിയറപ്രവര്‍ത്തകരോട് നന്ദി മാത്രം പറയാം. വീര പഴശ്ശിയെ ആദരവോടെ വണങ്ങാം. ധീരനായ ഈ പോരാളിയുടെ ഓര്‍മ്മകള്‍ ‘ഹരിഹരന്‍ - എം ടി - മമ്മൂട്ടി’ ത്രയത്തിന്‍റെ ഈ മഹാസംരംഭത്തിലൂടെ കൂടുതല്‍ ജ്വലിക്കട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :