അജിതന്‍ സജയ്|
Last Updated:
വ്യാഴം, 15 മാര്‍ച്ച് 2018 (19:06 IST)
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’ റിലീസായ സമയത്തെ ബഹളമൊന്നും കാളിദാസ് ജയറാം നായകനാകുന്ന ‘പൂമരം’ റിലീസാകുമ്പോള്‍ പ്രതീക്ഷിക്കരുത്. പൂമരം വന്നത് ഒരു ഇളംകാറ്റുപോലെയാണ്. ‘പൂമരം നല്ലതോ ചീത്തയോ ആവട്ടെ. പടം ഇപ്പോഴെങ്കിലും റിലീസായല്ലോ’ - എന്ന കമന്‍റാണ് തിയേറ്ററില്‍ ഭൂരിപക്ഷവും ഉയര്‍ന്നുകേട്ടത്.
എന്നാല്‍ സിനിമ തുടങ്ങിയതോടെ സിനിമയ്ക്കുള്ളിലായിപ്പോയി എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്, സിനിമ തുടങ്ങിയതോടെ കാളിദാസന്‍ അവതരിപ്പിക്കുന്ന ഗൌതമിനൊപ്പം കാമ്പസിനുള്ളിലായിപ്പോയി എന്നതാണ് സത്യം. എബ്രിഡ് ഷൈന്‍ ചെയ്ത കഴിഞ്ഞ സിനിമകളുടെ വിശ്വാസ്യതയാണ് ഈ സിനിമയ്ക്കായി ഇത്രയും വലിയ കാത്തിരിപ്പിന് പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് ചിത്രം കണ്ടുകഴിയുമ്പോള്‍ മനസിലാകും.
നാട്ടിന്‍പുറത്തെ ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ ജീവിതം നിറപ്പകിട്ടുകളില്ലാതെ പറഞ്ഞ 1983, ഒരു പൊലീസ് സ്റ്റേഷന്‍റെയും പൊലീസുകാരുടെയും അകം യഥാര്‍ത്ഥമായി ചിത്രീകരിച്ച ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളുടെ അതേ പാറ്റേണ്‍ തന്നെയാണ് എബ്രിഡ് ഷൈന്‍ പൂമരത്തിലും തുടരുന്നത്. കാമ്പസ് എങ്ങനെയാണോ അങ്ങനെ തന്നെ പൂമരത്തിലും കാണാം.
ഭരതന്‍ ചാമരത്തില്‍ ചെയ്തതാണ് എബ്രിഡ് ഷൈന്‍ പൂമരത്തില്‍ ചെയ്യുന്നത്. കാമ്പസിന്‍റെ ആ അലസഭംഗിക്കാണ് പ്രാധാന്യം. സര്‍വകലാശാലാ യുവജനോത്സവത്തിനായുള്ള രണ്ട് കോളജുകളുടെ ഒരുക്കവും ശ്രമങ്ങളുമാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അത് നമ്മള്‍ ലാല്‍ജോസിന്‍റെ കാമ്പസിലോ ഷാഫിയുടെ കാമ്പസിലോ (ചോക്ലേറ്റ്) കാണുന്ന കാഴ്ചയുടെ ഉത്സവമല്ല. എന്നാല്‍ ആ ലാസ്യചാരുത പിന്നീട് ഉത്സവം പോലെ മനസില്‍ നിറഞ്ഞുകത്തുമെന്ന് തീര്‍ച്ച.
രണ്ടുകോളജുകളുടെ പോരാട്ടത്തിന്‍റെ കഥയെന്ന രീതിയില്‍ നമ്മുടെ മാസ്റ്റര്‍ പീസിലൊക്കെ പറയുന്നതുപോലെയല്ല, ഇത് അനുഭവിച്ച് മനസിലാക്കേണ്ട ദൃശ്യഭാഷയാണ്. ഗൌതം എന്ന നായകനെപ്പറ്റി പറയുന്നത് പ്രധാനമാണല്ലോ. അതുകൊണ്ട് പറയാം. അയാള്‍ വളരെ വ്യക്തിത്വമുള്ള ഒരു കഥാപാത്രമെന്നതിലുപരി നമ്മുടെ ക്ലീഷേ നായകന്‍സങ്കല്‍പ്പങ്ങളൊന്നും പറ്റിപ്പിടിച്ച നായകനല്ല. കാളിദാസ് എന്ന യുവനായകന് താരപ്പകിട്ട് ചാര്‍ത്തിക്കൊടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല.
സംഗീതം നിറഞ്ഞുനില്‍ക്കുകയാണ് സിനിമയില്‍. അതുതന്നെയാണ് മറ്റ് രണ്ട് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമയ്ക്ക് എബ്രിഡ് നല്‍കിയിരിക്കുന്ന ആഖ്യാനശൈലി. കണ്ടുതീരുമ്പോള്‍ മനോഹരമായ ഒരു ഗാനം ആസ്വദിച്ച സന്തോഷം ഉള്ളില്‍ നിറയും. തന്‍റെ മൂന്നാം ചിത്രത്തില്‍ തന്നെ പതിറ്റാണ്ടുകളുടെ പരിചയത്തഴക്കമുള്ള സംവിധായകന്‍റെ കൈയടക്കത്തിനാണ് കൈയടി നല്‍കേണ്ടത്.
വൈകിയെത്തിയ വസന്തം തന്നെയാണ് പൂമരം. മനോഹരമായ ഒരു കാമ്പസ് അനുഭവം. അത് കണ്ടറിയുക തന്നെ വേണം. കാണാക്കാഴ്ചകളൊന്നുമില്ല ഇതില്‍. പക്ഷേ നമ്മള്‍ കണ്ടറിഞ്ഞ ദൃശ്യങ്ങളുടെ ഓര്‍മ്മകളിലേക്ക് സുഖവും നൊമ്പരവുമുണര്‍ത്തുന്ന ഒരു യാത്രയാവും പൂമരം.