പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - യാത്രി ജെസന്‍ എഴുതിയ നിരൂപണം
യാത്രി ജെസന്‍
PRO
പച്ചാളം ഭാസി(ജഗതി ശ്രീകുമാര്‍) ഇപ്പോള്‍ വലിയ നിര്‍മ്മാതാവാണ്. അലക്സ്(ഫഹദ് ഫാസില്‍) എന്ന പുതുമുഖ സംവിധായകനെ വച്ച് അയാള്‍ പുതിയ സിനിമ ആരംഭിക്കുന്നു. സരോജ്കുമാര്‍ തന്നെ നായകന്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ സംവിധായകനും സരോജും തമ്മില്‍ തെറ്റുന്നു. സരോജിനെ മാറ്റി ആ ചിത്രത്തില്‍ ചെറിയ വേഷം ചെയ്യാനെത്തിയ നടന്‍ ശ്യാമി(വിനീത് ശ്രീനിവാസന്‍)നെ നായകനാക്കി അലക്സ് സിനിമ ചിത്രീകരിക്കുന്നു. ആ സിനിമ വന്‍ ഹിറ്റാകുന്നു.
ഉദയനാണ് താരത്തില്‍ രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ പറഞ്ഞ കഥയുടെ വികൃതമായ അനുകരണവും ഒരു രണ്ടാം ഭാഗമുണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വം കഥ തട്ടിക്കൂട്ടിയതുമൊക്കെ ഈ ചിത്രത്തിന് വിനയായി. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന നല്ല സിനിമയെ ‘ദോശ ആന്‍റ് ചട്നി’ എന്നൊക്കെ പേരിട്ട് വിശേഷിപ്പിക്കുമ്പോള്‍ നല്ല ഹാസ്യം എന്നത് ഇല്ലാതാകുകയും പ്രേക്ഷകര്‍ക്കും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കും നേരെയുള്ള ആക്രമണമായി അത് മാറുകയും ചെയ്യുന്നു.
ശ്യാം എന്ന നടന്‍റെ ഉയര്‍ച്ചയും അത് തടയാനുള്ള സരോജ്കുമാറിന്‍റെ ശ്രമവുമൊക്കെ ഉദയനാണ് താരത്തില്‍ നമ്മള്‍ കണ്ട രംഗങ്ങളുടെ ആവര്‍ത്തനമാണ്. ഈ സിനിമയിലൂടെ പുതിയതായി ഒന്നും ശ്രീനിവാസന്‍ നല്‍കുന്നില്ല. (പുതുമയില്ലെന്ന് പറഞ്ഞുകൂടാ, ടൈറ്റില്‍ കാര്‍ഡില്‍ സംവിധായകന്‍റെ പേരിനേക്കാള്‍ പ്രാധാന്യത്തോടെ എഴുത്തുകാരന്‍റെ പേര് നല്‍കി ഒരു പുതുമ സൃഷ്ടിച്ചിട്ടുണ്ട്. കഷ്ടം!)
ഓരോ സീനിലും ഓരോ ഡയലോഗിലും അധിക്ഷേപവും വിമര്‍ശനവും കുത്തിനിറച്ചിരിക്കുകയാണ്. ചിലതൊക്കെ അസഹ്യമാണ്. ചിലവ രസകരവും. ആദായനികുതി റെയ്ഡിന് ശേഷം സരോജിന്‍റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിക്കുന്നു. സരോജിന്‍റെ ഒരു കമന്‍റ് ഇങ്ങനെ - “സത്യത്തില്‍ അത് കാളക്കൊമ്പാണ്, പക്ഷേ, അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പറയാവൂ, അല്ലെങ്കില്‍ എന്‍റെ മാനം പോവും.”
സിനിമയിലെ വിലക്കുകളെക്കുറിച്ചുള്ള ഒരു സീന്‍ - യൂണിയന്‍ ഓഫീസാണ് സ്ഥലം. ഓഫീസിന് മുന്നില്‍ ഒരാള്‍ നിന്ന് മൂത്രമൊഴിക്കുന്നു എന്ന് ഓടിവന്നു പറയുന്ന സഹായിയോട് യൂണിയന്‍ നേതാവ് - “അവനേം കൂടെ അങ്ങു വിലക്കിയേക്ക്”.