Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:37 IST)
ജയിംസ് കാമറൂണിന്‍റെ അവതാര്‍ പോലെ ഒരു മലയാള ചിത്രം. അത് സ്വപ്നം കാണാമെന്നല്ലാതെ എന്നെങ്കിലും സാധ്യമാകുമോ എന്ന് ആലോചിക്കാന്‍ പോലും കഴിയില്ല. ബാഹുബലിയൊക്കെ സൃഷ്ടിച്ച് ഹോളിവുഡിന് ചെറിയൊരു അമ്പരപ്പുണ്ടാക്കാന്‍ ഒരു തെലുങ്ക് സംവിധായകന് കഴിഞ്ഞെങ്കിലും അങ്ങനെ ഒരു ചിത്രം മലയാളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്ന് മറ്റുള്ളവര്‍ പരിഹസിക്കാനിടവരുത്തും.
എന്നാല്‍ മലയാളത്തില്‍ നിന്ന് അങ്ങനെയൊരു സിനിമ വരികയാണ്. ബജറ്റിന്‍റെ വലുപ്പത്തിലല്ല, കണ്ടന്‍റിന്‍റെ കരുത്തിലാണ് അവതാര്‍ പോലെ ഒരു സിനിമ മലയാളത്തില്‍ ഇറങ്ങാന്‍ പോകുന്നത് - ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി. അവതാറിനോട് സാദൃശ്യമുള്ള കഥാഘടനയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 16ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
നായക കഥാപാത്രമായ ഫിലിപ്പോസ് വര്‍ക്കിയെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന ഫിലിപ്പോസ് വര്‍ക്കി ഒരു യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി കൊടുംവനത്തിനുള്ളിലുള്ള ഒരു ഗ്രാമത്തിലെത്തി. 7000 കണ്ടി എന്നാണ് ഗ്രാമത്തിന്‍റെ പേര്. ആ ഗ്രാമത്തിലുള്ളവര്‍ക്ക് നാടിനെക്കുറിച്ചോ നാട്ടുകാര്‍ക്ക് അങ്ങനെയൊരു ഗ്രാമത്തേക്കുറിച്ചോ ഒരു ധാരണയുമില്ലെന്ന് ഫിലിപ്പോസ് വര്‍ക്കിക്ക് ബോധ്യമായി. പുറംലോകത്തേക്കുറിച്ച് ഒന്നുമറിയാതെ കഴിയുന്ന ഈ സാധുക്കള്‍ ഒരു വലിയ വിപത്തിനെ നേരിടാന്‍ പോകുകയാണെന്നും ഫിലിപ്പോസ് തിരിച്ചറിയുന്നു.
വനത്തിനുള്ളില്‍ ഇങ്ങനെയൊരു ഗ്രാമമുണ്ട് എന്നറിയാതെ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നൊരു ബ്രിട്ടീഷ് കമ്പനി ചില തീരുമാനങ്ങളെടുക്കുന്നു. അത് 7000 കണ്ടി എന്ന ഗ്രാമത്തെ നശിപ്പിക്കാന്‍ പോന്നതാണെന്ന് ഫിലിപ്പോസ് വര്‍ക്കി മനസിലാക്കുന്നു. എന്നാല്‍ ഇക്കാര്യം ഗ്രാമീണരെ പറഞ്ഞുമനസിലാക്കാന്‍ അവരുടെ ഭാഷ പോലും ഫിലിപ്പോസിനറിയില്ലായിരുന്നു. എന്തായാലും, ഈ വിപത്തില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാനുള്ള ഉറച്ച തീരുമാനം അയാള്‍ കൈക്കൊള്ളുന്നു.
വനത്തിനുള്ളില്‍ 7000 കണ്ടി എന്നൊരു ഗ്രാമമുണ്ടെന്നും അവര്‍ വലിയ അപകടത്തിലേക്ക് നീങ്ങുകയാണെന്നും കാട്ടി 100 പേര്‍ക്ക് ഫിലിപ്പോസ് വര്‍ക്കി കത്തെഴുതി. അതില്‍ ആറുപേര്‍ പ്രതികരിക്കാന്‍ തയ്യാറായി. ഫിലിപ്പോസിനൊപ്പം ആ ഗ്രാമത്തെ രക്ഷിക്കാന്‍ തയ്യാറായി ആ ആറുപേര്‍ എത്തി - സി കെ മേനോന്‍(നെടുമുടി വേണു), മധുമിത ആര്‍ കൃഷ്ണന്‍(റീനു മാത്യൂസ്), ബീരാന്‍(സണ്ണി വെയ്‌ന്‍), അനന്തകൃഷ്ണന്‍ അയ്യര്‍(ജേക്കബ് ഗ്രിഗറി), പ്രൊഫസര്‍ നീലകണ്ഠന്‍(ചെമ്പന്‍ വിനോദ് ജോസ്), ഷണ്മുഖന്‍(ഭരത്) എന്നിവരായിരുന്നു ആ ആറുപേര്‍.
ഒരു മലവേടനും(സുധീര്‍ കരമന) ഇവരെ സഹായിക്കാനെത്തി. ഈ എട്ടംഗസംഘം ഗ്രാമത്തിന്‍റെ രക്ഷ ലക്‍ഷ്യമാക്കി നീങ്ങുകയാണ്. ജയേഷ് നായരാണ് ഈ അഡ്വഞ്ചര്‍ ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്. റെക്സ് വിജയനാണ് സംഗീതം.
നോര്‍ത്ത് 24 കാതം, സപ്തമ ശ്രീ തസ്കരാഃ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി പേരിലും അവതരണത്തിലും പുതുമയുമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.