മോഹന്‍ലാലിന്‍റെ നായികയായി മീരാ ജാസ്മിന്‍ വീണ്ടും!

WEBDUNIA|
PRO
ഷൂട്ടിംഗ് സെറ്റുകളില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നു എന്ന ആരോപണം മീരാ ജാസ്മിന്‍ എന്ന അഭിനേത്രിയുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ കാലമാണിത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പോലും സ്വന്തമാക്കിയ നടി പക്ഷേ ഇപ്പോള്‍ ഇന്ത്യയിലെ ഒരു ഭാഷയിലും ബിസിയല്ല. മീരയെ നായികയാക്കാന്‍ പ്ലാനിട്ട പല പ്രൊജക്ടുകളും മറ്റു നടിമാരെ നായികമാരാക്കി.

രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മീരയായിരുന്നു നായിക. ആ സിനിമകളുടെ സെറ്റില്‍ മോഹന്‍ലാലിന്‍റെ പോലും ക്ഷമ പരീക്ഷിച്ച നടിയായാണ് മീരാ ജാസ്മിന്‍ അറിയപ്പെടുന്നത്. എന്നാല്‍ മീരയുടെ കഴിവില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ഏത് കഥാപാത്രത്തെയും അസാധാരണമായ തലത്തിലേക്ക് ഉയര്‍ത്താന്‍ പോന്ന പ്രതിഭയുള്ള കലാകാരി തന്നെയാണ് മീര.

അതുകൊണ്ടുതന്നെയാണ് മോഹന്‍ലാലിന്‍റെ ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ എന്ന പുതിയ ചിത്രത്തിലേക്ക് മീരാ ജാസ്മിന്‍ നായികയായി ക്ഷണിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാളായ സിദ്ദിക്ക് ഒരുക്കുന്ന സിനിമയാണ് ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’. മീര ഉള്‍പ്പടെ നാലു നായികമാരാണ് ചിത്രത്തിലുള്ളത്.

മം‌മ്ത മോഹന്‍‌ദാസ്, പത്‌മപ്രിയ, മിത്ര കുര്യന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നായികമാര്‍. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ ആയാണ് മീരാ ജാസ്മിന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മം‌മ്തയും മിത്രയും ഐ ടി പ്രൊഫഷണലുകളാകുമ്പോള്‍ എയര്‍ ഹോസ്റ്റസായാണ് പത്‌മപ്രിയ വേഷമിടുന്നത്.

“ഇന്നത്തെ ചെറുപ്പക്കാര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലേക്കാണ് ഈ സിനിമ ശ്രദ്ധ ക്ഷണിക്കുന്നത്. ജീവിതത്തെ ആത്മവിശ്വാസത്തോടെയും പോസിറ്റീവായും നോക്കിക്കാണണമെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന സിനിമയായിരിക്കും ഇത്” - സിദ്ദിക്ക് വെളിപ്പെടുത്തി.

പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് സിദ്ദിക്ക് തന്നെയാണ്. ആശീര്‍വാ‍ദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :