മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു തുടരും!

മോഹന്‍ലാല്‍, മമ്മൂട്ടി, ജോഷി, രഞ്ജന്‍ പ്രമോദ്, മഞ്ജു വാര്യര്‍
Last Updated: വെള്ളി, 5 ഡിസം‌ബര്‍ 2014 (15:33 IST)
മലയാളത്തിലെ ഏറ്റവും മൂല്യമുള്ള താരജോഡി വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തും. മാര്‍ച്ചിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. തിരക്കഥ രഞ്ജന്‍ പ്രമോദ്.

മോഹന്‍ലാല്‍ - അമല പോള്‍ ജോഡിയെ കേന്ദ്രമാക്കി 'ലൈലാ ഓ! ലൈലാ' എന്ന റൊമാന്‍റിക് ത്രില്ലറിന്‍റെ അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ ജോഷി. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രവും പുരോഗമിക്കുകയാണ്.

രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി അടുത്ത സിനിമ ചെയ്യാനാണ് ജോഷി തീരുമാനിച്ചിരുന്നത്.
ഇതുസംബന്ധിച്ച് കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഏറെ പുരോഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ പുതിയ ചില നീക്കങ്ങള്‍ക്കൊടുവില്‍ പ്രൊജക്ടിലെ നായകസ്ഥാനത്തുനിന്ന് മമ്മൂട്ടിക്ക് മാറ്റമുണ്ടായി. പകരം മോഹന്‍ലാല്‍ എത്തുകയും ചെയ്തു.

തന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരിക്കും നായികയെന്നും മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും കഴിഞ്ഞയാഴ്ച രഞ്ജന്‍ പ്രമോദ് പ്രഖ്യാപിച്ചിരുന്നു. നായകനായി മമ്മൂട്ടി വേണോ മോഹന്‍ലാല്‍ വേണോ എന്ന് അന്തിമമായി തീരുമാനിച്ചിരുന്നില്ലെങ്കിലും നായിക മഞ്ജു തന്നെ എന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

മോഹന്‍ലാലും മഞ്ജുവും അഭിനയിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി തിരക്കഥ രചിക്കാനുള്ള ഭാഗ്യമാണ് രഞ്ജന്‍ പ്രമോദിന് ലഭിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :