പ്രിയന്‍ പാഴാക്കിയത് 84 ലക്ഷം ലിറ്റര്‍ വെള്ളം!

കാണി

WEBDUNIA|
PRO
മലയാള സിനിമ ദാരിദ്ര്യത്തിന്‍റെ ഇടം കൂടിയാണ്. ഇവിടെ പണം ചെലവാക്കുന്നതിന് പരിമിതിയുണ്ട്. ഒരു പെരുന്തച്ചനോ ഭരതന്‍ ഇഫക്ടോ തിരക്കഥയില്‍ എഴുതിവച്ചിരിക്കുന്ന രീതിയില്‍ ചിത്രീകരിക്കാനുള്ള ശേഷി ഈ വ്യവസായത്തിനില്ല. അതുകൊണ്ടു തന്നെ ‘അഡ്‌ജസ്റ്റ്മെന്‍റ്‌‘ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മലയാള സിനിമാലോകത്തായിരിക്കും.

ഈ ദാരിദ്ര്യക്കണക്കുകളുടെ ഇടയിലാണ് സംവിധായകന്‍ പ്രിയദര്‍ശനും വളര്‍ന്നത്. എന്നാല്‍ മലയാളത്തില്‍ നിന്ന് രക്ഷപെട്ട് ബോളിവുഡില്‍ ചേക്കേറിയതോടെ ആളുടെ രീതി മാറി. 11 കോടി രൂപ പ്രതിഫലം വാങ്ങുന്ന സംവിധായകനാണ് ഇന്ന് പ്രിയദര്‍ശന്‍. അത് സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും അതേ, കുത്തുപാളയെടുത്ത നിര്‍മ്മാതാവാണെങ്കിലും അതേ, നമ്മുടെ റേറ്റ് 11 കോടി. അത് ഫിക്സഡാ, മാറില്ല.

പ്രിയദര്‍ശന്‍റെ പുതിയ ചിത്രമായ ‘ധേ ധനാ ധന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയില്‍ ഒരു ‘സുനാമി’ രംഗത്തിന്‍റെ ഷൂട്ടിംഗിന് മുംബൈയില്‍ പാഴാക്കിക്കളഞ്ഞ വെള്ളത്തിന്‍റെ അളവ് കേള്‍ക്കണ്ടേ? 700 ടാങ്ക് വെള്ളം, അതായത് 84 ലക്ഷം ലിറ്റര്‍!

ക്ലൈമാക്സ് രംഗത്ത് സുനാമി രംഗം ഏറ്റവും സുപ്രധാനമാണെന്നും അതിന് ഇത്തരം ചില കാര്യങ്ങള്‍ വേണ്ടിവരുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞേക്കാം. എന്നാല്‍ ചില സത്യങ്ങള്‍ നമുക്ക് മറച്ചു വയ്ക്കാന്‍ കഴിയില്ല. പ്രിയദര്‍ശന്‍ പാഴാക്കിക്കളഞ്ഞ ഈ ജലം ഉണ്ടായിരുന്നെങ്കില്‍ മുംബൈയിലെ 93000 ജനങ്ങള്‍ക്ക് ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. ഒരാള്‍ക്ക് ശരാശരി നാലര ബക്കറ്റ് വെള്ളം എന്ന കണക്കിലാണ് ഇക്കാര്യം പറയുന്നത്.

ഇത്തവണ മുംബൈയില്‍ 21 ശതമാനം മഴ കുറവാണുണ്ടായത്. അതിന്‍റെ അര്‍ത്ഥം മുംബൈയിലെ ഒരു കുടുംബം ഒരു ദിവസം ഉപയോഗിക്കുന്ന ജലത്തിന്‍റെ അളവില്‍ 60 ലിറ്ററിന്‍റെ കുറവു വരും എന്നതാണ്. മാത്രമല്ല ദിവസ ഉപയോഗത്തില്‍ ഓരോ കുടുംബത്തിനും 25 ശതമാനം വെള്ളം കുറച്ചുമാത്രമേ ഇപ്പോള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രിയദര്‍ശന്‍ 84 ലക്ഷം ലിറ്റര്‍ വെള്ളം ഒരു സീനിന്‍റെ ചിത്രീകരണത്തിനായി ഒഴുക്കിക്കളഞ്ഞത്!

ഇക്കാര്യത്തില്‍ പ്രിയദര്‍ശനെ മാത്രം കുറ്റം പറഞ്ഞുകൂടാ. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ ഒരു വെള്ളപ്പൊക്കം ചിത്രീകരിക്കാനായി കരണ്‍ ജോഹറും, ‘തും മിലേ’ എന്ന സിനിമയുടെ ആവശ്യത്തിനായി മുകേഷ് ഭട്ടും പാഴാക്കിയത് 24 ലക്ഷം ലിറ്റര്‍ വെള്ളമാണ്. കുടിവെള്ളത്തിനായി മഹായുദ്ധം തന്നെ നടന്നേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഭാവിയിലും സിനിമാക്കാരുടെ സാമൂഹ്യപ്രതിബദ്ധത ഈ നിലയിലായിരിക്കും എന്നതില്‍ മാത്രം ആരും സംശയിക്കേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :