ശ്രീനിച്ചിത്രത്തില്‍ അഭിനയിക്കണം: പൃഥ്വി

WEBDUNIA|
PRO
പൃഥ്വിരാജ് ആഗ്രഹങ്ങളുടെ കാര്യത്തില്‍ സമ്പന്നനാണ്. മലയാള സിനിമയുടെ അംബാസഡറാകണമെന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഈ ചെറുപ്പക്കാരന്‍റെ കൂടുതല്‍ മോഹങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞു. മലയാളത്തിലെ ചില പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകണമെന്നാണ് പൃഥ്വി അതിയായി ആഗ്രഹിക്കുന്നത്.

“വളരെ ബുദ്ധിമാനായ സംവിധായകനാണ് ശ്രീനിവാസന്‍. രണ്ടു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അതിനു പിന്നിലെ ചിന്തകള്‍ അപാരമാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്” - പൃഥ്വി പറയുന്നു.

ഇതുപോലെ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളോടും പൃഥ്വിക്ക് ഭ്രമമുണ്ട്. മലയാളത്തിലെ കുടുംബപ്രേക്ഷകരോട് വളരെ വേഗത്തില്‍ സംവദിക്കുന്ന സിനിമകളാണ് സത്യന്‍ ചിത്രങ്ങളെന്നാണ് പൃഥ്വിരാജിന്‍റെ അഭിപ്രായം. സത്യന്‍ സിനിമകളിലെ നായകനാകണമെന്ന ആഗ്രഹവും പൃഥ്വി തുറന്നു പറയുന്നു. പൃഥ്വിയുടെ ആഗ്രഹം അറിയാവുന്ന സത്യന്‍ അന്തിക്കാട് കഥ ഒത്തുവന്നാല്‍ പൃഥ്വിയെ നായകനാക്കി ഒരു സിനിമ ആലോചിക്കാമെന്ന് വാക്കു നല്‍കിയിട്ടുണ്ട്.

ഇവര്‍ രണ്ടു പേരും കഴിഞ്ഞാന്‍ പ്രിയദര്‍ശനോടാണ് പൃഥ്വിക്ക് പഥ്യം. പ്രിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരു വേഷത്തിനായി പൃഥ്വി ദാഹിക്കുന്നു. പൃഥ്വിയെ നായകനാക്കി ഫാസിലിന്‍റെ സംവിധാനത്തില്‍ ഒരു തമിഴ് ചിത്രം നിര്‍മ്മിക്കാന്‍ പ്രിയദര്‍ശന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രൊജക്ട് നടന്നില്ല.

മുതിര്‍ന്ന സംവിധായകരായ ജോഷിയും ഷാജി കൈലാസും ഇപ്പോള്‍ പൃഥ്വിയെ നായകനാക്കി സിനിമകള്‍ ഒരുക്കുകയാണ്. കുറച്ചു കാലം കാത്തിരുന്നാലും, സത്യനും ശ്രീനിയും പ്രിയനുമൊക്കെ പൃഥ്വിയിലെ പ്രതിഭയെ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :