നിര്‍മ്മാതാക്കള്‍ വിക്രമിനെ തട്ടിക്കളിക്കുന്നു!

Vikram, Marma Manithan, Puli, Vijay, Mohanlal, വിക്രം, മര്‍മ്മ മനിതന്‍, പുലി, വിജയ്, മോഹന്‍ലാല്‍
Last Modified ശനി, 21 നവം‌ബര്‍ 2015 (17:10 IST)
വിക്രമിന്‍റെ പുതിയ തമിഴ് സിനിമ ‘മര്‍മ്മ മനിതന്‍’ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിര്‍മ്മാതാക്കളുടെ പിന്‍‌മാറ്റം മൂലമാണ് ഈ പ്രൊജക്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. സിനിമ നടക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് തമിഴ് സിനിമാലോകം. പലതവണ, ഈ സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. വിക്രമിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ ഇനിയൊരു വിക്രം ചിത്രത്തിന് ഫണ്ട് മുടക്കുന്നത് റിസ്കാണെന്ന് പല പ്രമുഖ നിര്‍മ്മാതാക്കളും പറയുന്നു. വിക്രമിന്‍റെ പ്രതിഫലത്തുക കുറയ്ക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.

അരിമനമ്പി എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ ആനന്ദ് ഷങ്കര്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായാണ് മര്‍മ്മ മനിതന്‍ പ്ലാന്‍ ചെയ്തത്. ആദ്യം ഈ സിനിമ നിര്‍മ്മിക്കാനിരുന്നത് കലൈപ്പുലി എസ് താണു ആയിരുന്നു. വിക്രമിന്‍റെ ‘10 എണ്‍‌ട്രതുക്കുള്ളേ’ കനത്ത പരാജയമായതോടെ താണു ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറി. പിന്നീട് ഐങ്കരന്‍ ഇന്‍റര്‍‌നാഷണല്‍ ചിത്രം ഏറ്റെടുത്തു. എന്നാല്‍ അവര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. സിനിമയുടെ ബജറ്റും വിക്രമിന്‍റെ സാലറിയും കുറയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ താന്‍ എഴുതിയ തിരക്കഥ ഇതില്‍ കുറഞ്ഞ ബജറ്റില്‍ ചിത്രീകരിക്കാനാവില്ലെന്ന നിലപാട് സംവിധായകന്‍ സ്വീകരിച്ചതോടെ ഐങ്കരന്‍ ഇന്‍റര്‍നാഷണലും നിര്‍മ്മാണത്തില്‍ നിന്ന് പിന്‍‌മാറി.

ഇതോടെ സിനിമ പ്രതിസന്ധിയിലായി. ചിത്രം ഉപേക്ഷിച്ചതായി വരെ വാര്‍ത്ത വന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ഷിബു തമീന്‍സ് മര്‍മ്മ മനിതന്‍റെ നിര്‍മ്മാണം ഏറ്റെടുത്തു എന്നാണ്. അടുത്തിടെ പുറത്തിറങ്ങി വന്‍ പരാജയമായ വിജയ് ചിത്രം ‘പുലി’യുടെ നിര്‍മ്മാതാവാണ് ഷിബു തമീന്‍സ്. ഇതോടെ ജനുവരിയില്‍ മര്‍മ്മ മനിതന്‍റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ഉറപ്പായി. എന്നാല്‍ ഷിബു തമീന്‍സ് ഇനി ഏതെങ്കിലും നിലയിലുള്ള ഡിമാന്‍ഡ് വയ്ക്കുമോ എന്ന കാര്യത്തില്‍ തമിഴ് സിനിമാലോകത്തിന് ആശങ്കയുണ്ട്.

രജനികാന്ത്, കമല്‍ഹാസന്‍, അജിത്, വിജയ് എന്നീ മുന്‍‌നിര താരങ്ങള്‍ക്കൊപ്പമായിരുന്നു വിക്രമിനെയും നിര്‍മ്മാതാക്കള്‍ അടുത്തിടെ വരെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ പുറത്തിറങ്ങിയ ‘10 എണ്‍‌ട്രതുക്കുള്ളേ’ ദയനീയ പരാജയമായതോടെ വിക്രമിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍‌പ്പര്യമില്ലാതാകുകയായിരുന്നു. വിക്രം നായകനാകുന്ന ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്സോഫീസില്‍ തകര്‍ന്നടിയുന്നത് താരത്തെയും അദ്ദേഹത്തിന്‍റെ ആരാധകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 10 എണ്‍‌ട്രതുക്കുള്ളേ നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം.

അന്ന്യന് ശേഷം പുറത്തിറങ്ങിയ വിക്രം ചിത്രങ്ങള്‍ മജാ, ഭീമ, കന്തസാമി, രാവണന്‍, രാവണ്‍(ഹിന്ദി), ദൈവത്തിരുമകള്‍, രാജപാട്ടൈ, താണ്ഡവം, ഡേവിഡ്(ഹിന്ദിയും തമിഴും), ഐ എന്നിവയാണ്. ഇതില്‍ ദൈവത്തിരുമകള്‍ ഒഴികെ ബാക്കിയെല്ലാം ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. ഷങ്കര്‍ ചിത്രമായ ‘ഐ’ പോലും നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിക്രമിനോടുള്ള താല്‍പ്പര്യം നിര്‍മ്മാതാക്കള്‍ക്ക് നശിക്കുകയായിരുന്നു. മിനിമം ഗ്യാരണ്ടി നല്‍കാന്‍ വിക്രം ചിത്രങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ സൂപ്പര്‍താര പദവിക്ക് തന്നെ ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ഒട്ടേറെ സംവിധായകര്‍ വിക്രമിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. കഥാപാത്രത്തിനും സിനിമയ്ക്കും വേണ്ടി എത്ര ബുദ്ധിമുട്ടാനും തയ്യാറുള്ള വിക്രത്തേപ്പോലൊരു താരം ഏതൊരു സംവിധായകന്‍റെയും ഭാഗ്യമാണ്. എന്നാല്‍ പ്രൊജക്ടുകള്‍ക്ക് പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. വിക്രം ഈ പ്രതിസന്ധിയില്‍ നിന്ന് ഉടന്‍ കരകയറുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :