ജ്യോതിക ക്ലൈമാക്സില്‍ നിന്ന് തുടങ്ങി!

ജ്യോതിക, റഹ്‌മാന്‍, റോഷന്‍, മഞ്ജു, ദിലീപ്
Last Updated: വെള്ളി, 21 നവം‌ബര്‍ 2014 (15:22 IST)
നിരുപമ രാജീവ് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന് ഏറ്റവും പ്രതിഭാധനയായ ഒരു നടിയെ തിരിച്ചുകിട്ടി. മഞ്ജു വാര്യര്‍ വീണ്ടും മലയാള സിനിമ ഭരിക്കാന്‍ തുടങ്ങി. സമാനമായ രീതിയില്‍ ജ്യോതികയും തിരിച്ചെത്തുന്നു. 'ഹൌ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയുടെ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു.

നിരുപമയായി ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് ഡല്‍ഹിയിലെ ലൊക്കേഷനിലാണ്. നിരുപമ ഇന്ത്യന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിക്കുന്നതും മറ്റുമാണ് ഡല്‍ഹി ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളാണ്. ക്ലൈമാക്സ് ആദ്യം ചിത്രീകരിച്ചുകൊണ്ട് അപൂര്‍വമായ തുടക്കമാണ് ജ്യോതികയുടെ 'ഹൌ ഓള്‍ഡ് ആര്‍ യു'ന് ലഭിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.

റഹ്‌മാനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ അനശ്വരമാക്കിയ കഥാപാത്രത്തെയാണ് തമിഴില്‍ റഹ്‌മാന്‍ അവതരിപ്പിക്കുന്നത്.

2ഡി എന്‍റര്‍‌ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ നടന്‍ സൂര്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ചെന്നൈ പോരൂരിലെ ഒരു ഹൌസിംഗ് കോളനിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ ഒരു വീടിന്‍റെ ടെറസിലെ പച്ചക്കറികൃഷി പൂര്‍ണമായും സെറ്റിട്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :