ജയറാമിനും ജയസൂര്യയ്ക്കും ജയില്‍ ശിക്ഷ കിട്ടുമോ?

WEBDUNIA|
PRO
ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണെങ്കിലും ജയറാമിന് ആ സിനിമ അത്ര നല്ല കാര്യങ്ങളല്ല സമ്മാനിച്ചിട്ടുള്ളത്. ആ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ തമിഴ് സ്ത്രീകളെക്കുറിച്ച് എന്തോ മോശമായി പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു സംഘടന ചെന്നൈയില്‍ ജയറാമിന്‍റെ വീടിന് തീയിട്ട സംഭവം ഓര്‍മ്മ കാണുമല്ലോ. എന്തായാലും ഹാപ്പി ഹസ്ബന്‍ഡ്സ് കൊണ്ടുള്ള കുരുക്ക് ജയറാമിന് തീരുന്നില്ല.

'ഹാപ്പി ഹസ്‌ബന്‍ഡ്‌സ്' എന്ന സിനിമയ്ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന്‌ കേസ് വന്നിരിക്കുകയാണ്‌. 2005 ല്‍ പുറത്തിറങ്ങിയ 'നോ എന്‍ട്രി' എന്ന ബോളിവുഡ്‌ ചിത്രത്തിന്‍റെ കഥ അപ്പാടെ കോപ്പിയടിച്ചാണ് ഹാപ്പി ഹസ്ബന്‍ഡ്സ് സൃഷ്ടിച്ചത് എന്നാണ് കേസ്. നിര്‍മ്മാതാവ്‌ മിലന്‍ ജലീല്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര തുടങ്ങിയവര്‍ക്ക്‌ പുറമെ സിനിമയില്‍ അഭിനയിച്ച ജയറാം, ജയസൂര്യ, റീമ കല്ലിങ്ങല്‍, സംവൃത സുനില്‍, എന്നിവരും കേസില്‍ പ്രതികളാണ്‌.

ഡാനി ജെ പോള്‍ എന്നയാള്‍ അഭിഭാഷകനായ എസ്‌ ഐ ഷാ മുഖേനയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. തിരുവനന്തപുരം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്‌. തെളിവിനായി നോ എന്‍‌ട്രിയുടെയും ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെയും ഡി വി ഡികള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ആറ്‌ മാസം മുതല്‍ രണ്ട്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം. ഇന്ത്യന്‍ പകര്‍പ്പാവകാശ നിയമ പ്രകാരമാണ്‌ കേസ്‌.

യഥാര്‍ത്ഥത്തില്‍ ‘ചാര്‍ളി ചാപ്ലിന്‍’ എന്ന തമിഴ് ചിത്രത്തിന്‍റെ കഥയില്‍ നിന്നാണ് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര ‘ഹാപ്പി ഹസ്ബന്‍ഡ്സ്’ എഴുതിയത്. ഇക്കാര്യം കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും പല വേദികളില്‍ പറഞ്ഞിട്ടുള്ളതുമാണ്. എന്തായാലും പുലിവാലു പിടിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :