മലയാള സിനിമ ആണുങ്ങളുടെ ഇന്‍ഡസ്ട്രിയാണ്!

WEBDUNIA|
PRO
മലയാള സിനിമാലോകം ഭരിക്കുന്നത് ആരാണ്? കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മമ്മൂട്ടിയും മോഹന്‍ലാലും കീഴടക്കിവച്ചിരിക്കുകയാണ് ഇവിടമെന്ന് ഉടന്‍ വരും മറുപടി. ഇവരെ കേന്ദ്രീകരിച്ചാണ് നമ്മുടെ സിനിമാ വ്യവസായം ഇപ്പോഴും നീങ്ങുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഒരു സിനിമയ്ക്കുള്ള പ്രതിഫലം ഒന്നരക്കോടിക്ക് അടുത്തുവരും. ഇവരുടെ സിനിമകള്‍ക്കുള്ള മിനിമം ബജറ്റ് അഞ്ചുകോടി രൂപയാണ്. ഒന്നരക്കോടി രൂപ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ നല്‍കിക്കഴിഞ്ഞാല്‍ ബാക്കി തുക മറ്റ് പ്രതിഫലക്കാര്യങ്ങള്‍ക്കും സിനിമയുടെ മൊത്തം ചെലവിനും. മലയാള സിനിമ സാങ്കേതികമേന്‍‌മ കൈവരിക്കാത്തതിന് കാരണം താരങ്ങളുടെ അമിത പ്രതിഫലമാണെന്ന വാദത്തിന് അടിസ്ഥാനം ഇതാണ്.

എന്നാല്‍ ഏതെങ്കിലും ഒരു നടിക്ക് മലയാളസിനിമയില്‍ ഒരുകോടി പ്രതിഫലം വാങ്ങുന്ന കാര്യം ആലോചിക്കാനാകുമോ? അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ സിനിമയ്ക്ക് പുറത്താകുമെന്ന കാര്യം ഉറപ്പാണ്. ഒരുപക്ഷേ മഞ്ജുവാര്യര്‍ ഇപ്പോഴും സജീവമായിരുന്നു എങ്കില്‍ അവര്‍ക്ക് 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം ലഭിക്കുമായിരുന്നു എന്നൊരു വീക്ഷണമുണ്ട്.

മീരാ ജാസ്മിനാണ് മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടി. മൊഹബ്ബത്ത് എന്ന ചിത്രത്തിനായി 30 ലക്ഷം രൂപയാണ് അവര്‍ കൈപ്പറ്റിയത്. എന്നാല്‍ പിന്നീട് മീര മലയാളത്തില്‍ നിന്ന് ഔട്ടായി. ഭാവനയും ഏകദേശം ആ തുകയോട് അടുത്തെങ്കിലും അക്കാരണം കൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് ഭാവനയ്ക്ക് ഇപ്പോള്‍ അധികം ഓഫറുകള്‍ ലഭിക്കുന്നില്ല.

കാവ്യാ മാധവന്‍ 20 ലക്ഷം രൂപയാണ് വാങ്ങുന്നത്. കാവ്യ ആ തുകയ്ക്ക് മേലെ അര്‍ഹിക്കുന്നുണ്ടെങ്കിലും അവര്‍ തന്‍റെ പ്രതിഫലം കൂട്ടിയിട്ടില്ല. കാവ്യയ്ക്ക് 20 ലക്ഷം നല്‍കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് പരിഭവവുമില്ല.

മമ്‌ത മോഹന്‍‌ദാസ് 15 മുതല്‍ 20 ലക്ഷം രൂപ വരെ കൈപ്പറ്റുന്നു. എന്നാല്‍ യുവനായികാ നിരയിലെ പ്രമുഖരായ റീമ കല്ലിങ്കലും സം‌വൃത സുനിലും അഞ്ചുമുതല്‍ എട്ടുലക്ഷം രൂപവരെ മാത്രമാണ് വാങ്ങുന്നത്. പത്തുലക്ഷത്തിന് മുകളില്‍ ലഭിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും അത് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറല്ല എന്നതാണ് വസ്തുത.

നായികമാര്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ പിശുക്കുകാട്ടുന്ന നിര്‍മ്മാതാക്കള്‍ പക്ഷേ നായകനടന്‍‌മാരുടെ കാര്യത്തില്‍ ആ മസിലുപിടിത്തമില്ല. പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ 75 ലക്ഷത്തിന് മുകളില്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ സുരേഷ്ഗോപിയും ജയറാമും അമ്പതുലക്ഷമോ അതിനുമുകളിലോ വാങ്ങുന്നു. ഇനി പറയൂ, മലയാള സിനിമാ ഇന്‍ഡസ്ട്രി ആണുങ്ങളുടെ ഭരണത്തിന്‍‌കീഴിലല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :