കൊച്ചി|
Last Modified ശനി, 28 നവംബര്‍ 2015 (15:36 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സി പി എം നീക്കം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കരുത്തനായ കെ ബാബുവിനെതിരെ ശ്രീനിയെ ഇറക്കാനാണ് സി പി എം ശ്രമം നടത്തുന്നത്. മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ശ്രീനി അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മത്സരിക്കാന്‍ ആദ്യം വിസമ്മതമറിയിച്ച ശ്രീനിയെ ഒടുവില്‍ മമ്മൂട്ടി അനുനയിപ്പിച്ചെന്നാണ് വിവരം. ഇന്നസെന്റിനെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടിക്കും ഇന്നസെന്റിനുമിടയില് ആശയവിനിമയം നടത്തിയത് മമ്മൂട്ടിയായിരുന്നു എന്ന് പരസ്യമായ രഹസ്യമാണല്ലോ. എന്തായാലും കെ ബാബുവിനെതിരെ ശ്രീനിവാസന് മത്സരിച്ചാല്‍ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്നാണ് സി പി എം വിലയിരുത്തുന്നത്. പി സി ചാക്കോയെ ഇന്നസെന്റ് അട്ടിമറിച്ചതുപോലെ ബാബുവിനെയും വീഴ്ത്താനാണ് പാര്‍ട്ടിയുടെ നീക്കം.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ കണ്ടനാട്ടാണ് ശ്രീനിവാസന് വര്‍ഷങ്ങളായി താമസിക്കുന്നത്. ജൈവകൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എന്നത് ശ്രീനിവാസനെ മണ്ഡലത്തില്‍ കൂടുതല്‍ ജനകീയനാക്കിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുമെന്ന് സി പി എം വിലയിരുത്തുന്നു. മാത്രമല്ല, കമ്യൂണിസ്റ്റ് ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നയാളും കൈരളി ടി വിയുമായി അടുത്ത ബന്ധമുള്ളയാളുമാണ് ശ്രീനി.
സി പി എമ്മിലെ പല വമ്പന്മാരും തൃപ്പൂണിത്തുറയില്‍ കെ ബാബുവിനോട് പരാജയപ്പെട്ടവരാണ്. എന്നാല്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ ബാബുവിന് ദോഷം ചെയ്യുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. ശ്രീനിവാസനെപ്പോലെ ജനപ്രിയനായ സ്ഥാനാര്‍ത്ഥി കൂടിയാകുമ്പോള്‍ തൃപ്പൂണിത്തുറയില്‍ ചുവപ്പുകൊടി പാറിക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.