മാണിക്യമലരിനെ വെട്ടിക്കീറി പരിശോധിക്കാൻ പൊലീസ്

മാണിക്യമലരിനെന്താ കുഴപ്പം? മതപണ്ഡിതന്മാർ പരിശോധിക്കും

aparna| Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (09:18 IST)
ഒമർ ലുലുവിന്റെ ഒരു അഡാറ് ലവിലെ വിവാദമായ 'മാണിക്യമലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനം എങ്ങനെയാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ഇഴകീറി പരിശോധിക്കാനുറച്ച് ഹൈദരാബാദ് പൊലീസ്. ഗാനം പരിഭാഷപ്പെടുത്തി മുസ്ലീം മതപണ്ഡിതന്മാരുടെ സഹായത്തോടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് നീങ്ങുക.

അതേസമയം, 'മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍‌വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പിന്‍‌മാറി. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ചിലര്‍ നല്‍കിയ പരാതിയിന്‍‌മേല്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഗാനം പിന്‍‌വലിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗാനം തല്‍ക്കാലം പിന്‍‌വലിക്കുന്നില്ലെന്നും എതിര്‍പ്പുകളെ നിയമപരമായി നേരിടുമെന്നും ഒമറും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും അറിയിച്ചു.

സിനിമയില്‍ നിന്നും യൂട്യൂബില്‍ നിന്നും ഗാനരംഗം പിന്‍‌വലിക്കില്ല. സമൂഹത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള പിന്തുണ തങ്ങള്‍ക്കുണ്ട്. മാത്രമല്ല, ഈ ചിത്രത്തില്‍ മറ്റ് എട്ടുഗാനങ്ങള്‍ ഉണ്ടെന്നും അവയോടൊപ്പം ‘മാണിക്യ മലരായ പൂവി’യും തുടരുമെന്നും ഷാന്‍ റഹ്‌മാനും ഒമര്‍ ലുലുവും അറിയിച്ചു. ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യര്‍ക്കും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പരാതി നല്‍കപ്പെട്ടത്.

ഇതേത്തുടര്‍ന്ന് ഒമറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി മലയാളത്തിലുള്ള ഒരു മാപ്പിളപ്പാട്ടാണിതെന്നും ഇപ്പോഴുയരുന്ന വിവാദങ്ങളില്‍ വസ്തുതകളില്ലെന്നും സംവിധായകന്‍ പറയുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങള്‍ വേദനിപ്പിക്കുന്നതായും ഒമര്‍ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :