Rijisha M.|
Last Updated:
ചൊവ്വ, 29 മെയ് 2018 (16:57 IST)
മലയാളികൾ എന്നും ഓർക്കത്തക്കവിധം സൂപ്പർഹിറ്റായ ചിത്രമാണ് പ്രേമം. ജോർജ്ജും മലരും മേരിയും സെലിനുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം റിലീസ് ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്.
ഈ ചിത്രത്തിന് ഭാഷ ഒരു പ്രശ്നമല്ലായിരുന്നു. പ്രേക്ഷകർ തെന്നിന്ത്യ ഒട്ടാകെ ചിത്രം ഏറ്റെടുത്തിരുന്നു. ജോർജിന്റെ താടിയും പ്രേമം മുണ്ടും മേരിയുടെ മുടിയും ഒക്കെ ആ സമയത്തെ ഹിറ്റായിരുന്നു.
ചിത്രം റിലീസ് ചെയ്തതിന് ശേഷം അതിനോടൊപ്പം തന്നെ വിവാദങ്ങളും ഉണ്ടായിരുന്നു. സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയതായിരുന്നു ഏറെ വിവാദമായത്. സോഷ്യൽ മീഡിയയിലും മൊബൈലുകളിലും വ്യാജചിത്രം പ്രചരിച്ചതും അതിനുപിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയിരുന്നു.
ഇതിന്റെ വ്യാജൻ വന്നതിന് പിന്നിലെ രഹസ്യം ഇന്ന് ഏറെപ്പേർക്കും അറിയില്ലായിരിക്കും. വളരെ രസകരമായ ഒരു കഥയാണ് ഇതിന് പിന്നിലുള്ളത്. ഇതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലായ ഒരാളുടെ ജ്യേഷ്ഠൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് ഇതിനുപിന്നിൽ. സെൻസർ ബോർഡിൽ നിന്ന് പകർത്തിയ ചിത്രത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്ന് പറഞ്ഞാണ് പ്രണയിക്കുന്ന പെൺകുട്ടിയ്ക്ക് നൽകിയത്. ആ വാക്കുപാലിക്കാതെ പലർക്കും ചിത്രം കാണാൻ കൊടുക്കുകയും അങ്ങനെ ലഭിച്ച കോപ്പി കൊല്ലത്തെ വിദ്യാർത്ഥി ഇന്റർനെറ്റിൽ അപ്ലോഡുചെയ്യുകയും പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തത്.