ഇനി കാഴ്ചയുടെ ലോകത്തേക്ക്; വൈക്കം വിജയലക്ഷ്മിക്ക് ഇനിയെല്ലാം കാണാം!

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്, വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടി

aparna shaji| Last Modified ചൊവ്വ, 10 ജനുവരി 2017 (14:05 IST)
സ്വരമാധുര്യം കൊണ്ട് മലയാളികളുടെ പ്രിയഗായികയായി മാറിയ വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്. ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു.

നിലവില്‍ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ട്. അകലെയായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് വിജയലക്ഷ്മി.
കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ വിജയലക്ഷ്മിക്ക്. തന്റെ എല്ലാ കാര്യങ്ങള്‍ക്കും നിഴലായി കൂടെയുള്ള മാതാപിതാക്കളെയാണ് ആദ്യം കാണാന്‍ ആഗ്രഹം. കൂടാതെ തന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്നയാളെയും കാണണമെന്നും ഗായിക പറയുന്നു.

ഗായികയ്ക്കൊപ്പം സംഗീത ലോകം മാത്രമല്ല, ഓരോ മലയാളികളും ഉണ്ടെന്ന് പറയാം. ഇരുളടഞ്ഞ ലോകത്തില്‍ സംഗീത വിസ്മയം തീര്‍ത്താണ് വിജയലക്ഷ്മി മുന്നേറിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു. പത്തുമാസത്തോളം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് ഗായിക പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :