BIJU|
Last Modified ശനി, 14 ജൂലൈ 2018 (13:40 IST)
ഒരുപാട് പ്രതീക്ഷകളോടെയാണ് ഏവരും മോഹൻലാലിന്റെ പുതിയ ചിത്രമായ 'നീരാളി' കാണാൻ തിയേറ്ററുകളിലേക്ക് എത്തിയത്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ലാലേട്ടൻ ചിത്രം റിലീസാകുന്നത്. മാത്രമല്ല, കഥ കേട്ടയുടൻ
മോഹൻലാൽ ഡേറ്റ് നൽകുകയും മറ്റ് ചിത്രങ്ങൾ മാറ്റിവച്ച് നീരാളി തുടങ്ങുകയും ചെയ്തതോടെ ഈ സിനിമ എന്തായിരിക്കുമെന്ന ആകാംക്ഷ ഏവരിലുമുണ്ടായി.
എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്തിരിക്കുകയാണ് നീരാളി. എട്ടുമാസമായി തങ്ങൾ കാത്തിരുന്നത് ഇതുപോലെ ഒരു സിനിമയ്ക്കായിരുന്നോ എന്നാണ് മോഹൻലാൽ ആരാധകർ പോലും ചോദിക്കുന്നത്. ഒരു നല്ല പ്ലോട്ടായിരുന്നു എങ്കിലും അതീവ ദുർബലമായ തിരക്കഥയും കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ അസഹനീയമായ കാഴ്ചയാക്കി മാറ്റുന്നു. നിലവാരം കുറഞ്ഞ വി എഫ് എക്സ് ദൃശ്യങ്ങൾ പ്രേക്ഷകരെ വിരസതയുടെ നീരാളിപ്പിടുത്തത്തിലേക്ക് വലിച്ചെറിയുകയാണ്.
ഒരു സർവൈവൽ ത്രില്ലർ എന്ന് രീതിയിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കേണ്ടിയിരുന്ന നീരാളിയെ പക്ഷേ തിയേറ്ററുകളിൽ പ്രേക്ഷകർ കൈയൊഴിയുകയാണ്. രണ്ടാം പകുതിയുടെ ഇഴച്ചിലും ഒരു ത്രില്ലും സമ്മാനിക്കാത്ത ക്ലൈമാക്സും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് വിനയായി. ഇടവിട്ടുവരുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങൾ മടുപ്പുളവാക്കിയപ്പോൾ നദിയ മൊയ്‌തുവിന്റെ അഭിനയപ്രകടനം സിനിമയുടെ മൊത്തമായുള്ള കൃത്രിമഭാവത്തിന് ആക്കം കൂട്ടി.
കാർട്ടൂൺ ചാനലുകൾ കാണുന്ന കുട്ടികളെപ്പോലും ആകർഷിക്കാത്ത ഗ്രാഫിക്സ് രംഗങ്ങൾ സിനിമയെ തകർത്തുകളയുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ. എന്തായാലും മോഹൻലാൽ ആരാധകർക്ക് വലിയ നിരാശയാണ് നീരാളി സമ്മാനിച്ചിരിക്കുന്നത്.