aparna shaji|
Last Modified തിങ്കള്‍, 16 ജനുവരി 2017 (13:33 IST)
സിനിമാ റിലീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള പ്രശ്‌നം ഒരുവിധം പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് മലയാള സിനിമ. ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന മൂലം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പലരും ദിലീപിനെ പിന്താങ്ങിയും അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയിരുന്നു. ഒരു ദിവസം കൊണ്ട് ദിലീപിന് രക്ഷകന്റെ പട്ടം ചാർത്തി കൊടുക്കുകയായിരുന്നു ആരാധകരും സഹപ്രവർത്തകരും.
എന്നാല്‍ സിനിമകളുടെ റിലീസ് തീയ്യതിയെച്ചൊല്ലിയുള്ള പുതിയ തര്‍ക്കത്തിനും തുടക്കമായിരിക്കുകയാണ് ഇപ്പോള്‍. മുന്തിരി വള്ളികള്‍ എന്ന ചിത്രത്തിന് സോളോ റിലീസ് ലഭിച്ചില്ല എന്നതും ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സോളോ റിലീസ് ലഭിച്ചു എന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മോഹന്‍ലാലിന്റെ മുന്തിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും എന്നുമാണ് വാര്‍ത്തകള്‍. 26 ന് നാല് മറുഭാഷാ സിനിമകളും റിലീസ് ചെയ്യുന്നതിനാല്‍ ലാല്‍ സിനിമയുടെ കലക്ഷന്‍ അവതാളത്തിലാകും
ഇതിനെതിരെ നിർമാതാവ് സോഫിയ പോൾ രംഗത്തെത്തിയിരുന്നു. 20ന് തന്നെ തന്റെ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, സോഫിയാ പോളിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ മുന്‍ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോഷിമോഹന്‍ലാല്‍ ചിത്രം ലൈലാ ഓ ലൈലായുടെ നിര്‍മ്മാതാക്കളായ ബിജു ആന്റണിയും സന്തോഷ് കോട്ടായിയുമാണ് സോഫിയക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
''മുന്തിരിവള്ളികള്‍ക്ക് സോളോ റിലീസ് നിഷേധിച്ചതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല. ഓരോ സംഘടനകള്‍ക്കും അവരുടേതായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ പരിഹസിക്കുന്ന നിലപാടിലേക്ക് ചിലപ്പോഴെല്ലാം അവരെത്തും. തെറ്റായ ആവശ്യമായിരുന്നു ഉന്നയിച്ചതെങ്കിലും ലിബര്‍ട്ടി ബഷീര്‍ സത്യസന്ധനായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന സോളോ റിലീസും മുന്തിരിവള്ളികള്‍ക്ക് മറ്റ് നാല് മറുഭാഷാ സിനിമകള്‍ക്കൊപ്പമുള്ള റിലീസും നല്‍കിയത് എന്തിനുവേണ്ടിയാണ്? ജോമോന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും പുതിയ സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് പങ്കുള്ളതാണോ കാരണം? അങ്ങനെയെങ്കില്‍ ഇവര്‍ എങ്ങനെയാണ് ബഷീറിനേക്കാള്‍ ഭേദപ്പെട്ടവരാകുന്നത്?''. ബിജു ആന്റണി ചോദിച്ചു.
ദിലീപ് പെട്ടെന്ന് ഒരു രക്ഷകാവതാരം സ്വീകരിച്ചപ്പോള്‍ അതില്‍ രസം തോന്നിയിരുന്നു. ഇത് നിക്ഷിപ്തതാല്‍പര്യങ്ങളുടെ ഒരു കളിയല്ലേ? സാറ്റലൈറ്റ് റൈറ്റുള്ള ഒരു നടന്‍ എങ്ങനെയാണ് പെട്ടെന്ന് നിര്‍മ്മാതാക്കളുടെ രക്ഷകനാവുക? ഒരു വിതരണക്കാരനും തീയേറ്റര്‍ ഉടമയും കൂടിയാണ് അദ്ദേഹം. തെറ്റായ റിലീസിംഗ് സമയമോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ സ്വന്തം ചിത്രങ്ങള്‍ക്ക് കോട്ടം തട്ടുമ്പോള്‍ 'നിക്ഷിപ്ത താല്‍പര്യക്കാര്‍' തന്റെ പ്രതിച്ഛായയെ നശിപ്പിക്കാന്‍ മന:പ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറയുന്ന ആളാണ് അദ്ദേഹം. സോഫിയാ പോളിനും സംഘത്തിനും എല്ലാ പിന്തുണകളും. മുന്തിരിവള്ളികള്‍ അവരുടേതാണ്. അതെപ്പോള്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് മാത്രമാണ്. എന്നായിരുന്നു സന്തോഷ് കോട്ടായി വ്യക്തമാക്കിയത്. ബിജു ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു സന്തോഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.