മുകേഷിനെതിരായ ആരോപണം; മീ ടു വന്നത് വളരെ നന്നായെന്ന് ഭാര്യ മേതിൽ ദേവിക

അവർ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല, എന്നോട് മുകേഷേട്ടൻ കള്ളം പറയില്ല എന്നാണെന്റെ വിശ്വാസം: മേതിൽ ദേവിക

അപർണ| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (08:45 IST)
നടനും എംഎൽഎയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുകേഷിന്റെ ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. വിഷയത്തിൽ ഓർമയില്ല എന്ന് തന്നെയാണ് മുകേഷേട്ടൻ തന്നോടും പറഞ്ഞതെന്ന് ദേവിക പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

മേതിൽ ദേവികയുടെ വാക്കുകൾ:

മീ ടു ക്യാം‌പെയിനിംഗ് വന്നത് വളരെ നന്നായി. അതൊരു അവസരമാണ്. സ്ത്രീകൾക്ക് തുറന്ന് പറയാനുള്ളത്. ഇതിനെ പിന്തുണയ്ക്കുന്നു. മുകേഷേട്ടനെതിരെ വന്ന ആരോപണത്തിൽ ഒരു സ്ത്രീ എന്ന രീതിയിൽ പ്രതികരിക്കുമ്പോൾ വിഷമം തോന്നും. എന്നാൽ ഒരു ഭാര്യയെന്ന രീതിയിൽ ആണെങ്കിൽ ഇത്രയും വർഷങ്ങൾക്ക് മുൻപ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.

മുകേഷേട്ടനോട് സംസാരിച്ചപ്പോൾ ഓർമയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം. അതിൽ ഒരു യുക്തിയും കാണുന്നുണ്ട്. വിഷയത്തിൽ മുകേഷേട്ടൻ വളരെ വിഷമത്തിലാണ്. ഒരു സ്ത്രീയെന്ന നിലയിൽ എനിക്കും പറയാനുണ്ട് ഒരുപാട്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞുള്ള തുറന്നു പറയലൊന്നും എനിക്ക് ആവശ്യമുള്ളതായി തോന്നുന്നില്ല. പക്ഷേ, വളരെ സീരിയസ് ആയ കാര്യങ്ങളാണെങ്കിൽ എപ്പോഴാണെങ്കിലും തുറന്ന് പറയാം.

എന്റെ ചുറ്റിനും ഉള്ളവരിൽ ഞാൻ സ്വാമി വിവേകാന്ദനെ ഒന്നും കാണുന്നില്ല. ആണായാലും പെണ്ണായാലും. 20 വർഷം മുൻപത്തെ കാര്യമെന്നൊക്കെ പറയുമ്പോൾ എനിക്കറിയില്ല, എന്ത് തന്നെ സംഭവിച്ചാലും അതിനെ കുറിച്ച് ഞാൻ വറീഡ് ആകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവർക്ക് അത് തുറന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. - മേതിൽ ദേവിക പറഞ്ഞവസാനിപ്പിച്ചു.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിയുടെ ആരോപണം മുകേഷ് നിഷേധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :