വല്ല്യേട്ടൻ 1900 തവണ സംപ്രേക്ഷണം ചെയ്തുവെന്ന സംവിധായകന്റെ വാദം കള്ളം: കൈരളി ടി.വി

നിഹാരിക കെ എസ്| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (09:15 IST)
വല്ല്യേട്ടൻ 1880 തവണ ടി.വിയിൽ സംപ്രേക്ഷണം ചെയ്തുവെന്ന നിർമാതാവിന്റെയും 1900 തവണ സംപ്രേക്ഷണം ചെയ്തുവെന്ന സംവിധായകന്റെയും വാദം സത്യമല്ലെന്ന് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ (ഫിനാൻസ് ആൻഡ് ടെക്നിക്കൽ) എം. വെങ്കിട്ടരാമൻ. ആദ്യ വർഷങ്ങളിൽ ഈ സിനിമ വിശേഷ ദിവസങ്ങളിൽ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. കൈരളി വല്യേട്ടൻ കാണിച്ചതിനേക്കാൾ കൂടുതൽ തവണ മറ്റു ജനപ്രിയ സിനിമകൾ വിവിധ ചാനലുകൾ കാണിച്ചിട്ടുണ്ട് എന്നദ്ദേഹം പറയുന്നു.

വല്യേട്ടൻ സിനിമ കൈരളിക്ക് കൊടുത്തതല്ല പെട്ടുപോയതാണ് എന്ന നിർമ്മാതാവ് അനിൽ അമ്പലക്കരയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം കൈരളിയ്ക്കാണ്. ഈ സിനിമ 15 വർഷത്തേയ്ക്ക് പ്രദർശിപ്പിക്കാൻ 2000-ൽ അനുവദിച്ചതിന് 15 ലക്ഷം രൂപ നൽകിയിരുന്നു. 2001-ലെ ഓണത്തിന് പ്രദർശിപ്പിച്ചതിന് 15 ലക്ഷം രൂപ അധികമായി കൈപ്പറ്റിയതായി അനിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതു കൂടാതെ 2002 ഓണത്തിന് സംപ്രേഷണം ചെയ്യുന്നതിന് 10 ലക്ഷം രൂപയും അധികം നൽകിയിട്ടുണ്ട്. അങ്ങനെ നിർമ്മാതാക്കൾ കൈരളിയിൽനിന്ന് 40 ലക്ഷം രൂപ 2000-2002 കാലത്ത് കൈപ്പറ്റിയിട്ടുണ്ട്. കേരളത്തിൽ അക്കാലത്ത് സിനിമകളുടെ പ്രദർശനാനുമതിക്ക് നിലവിലുള്ള വിപണിനിരക്കിനേക്കാൾ ഉയർന്ന തുകയായിരുന്നു ഇതെല്ലാം.

കൈരളി അമിതമായി വല്യേട്ടൻ കാണിക്കുന്നു എന്നത് കൈരളിയുടെ ശത്രുക്കൾ ട്രോൾ ചെയ്തുണ്ടാക്കിയ പ്രതീതിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ ചിലർ അവർക്ക് കാ‍ഴ്ചക്കാരെ കിട്ടാൻ വേണ്ടി വിളിച്ചു പറയുന്നതൊക്കെ വസ്തുതയായി എടുത്ത് കൈരളി 1880 തവണ വല്യേട്ടൻ കാണിച്ചു എന്നു നിർമ്മാതാക്കളും 1900 തവണ എന്നു സംവിധായകനും പറയുന്നത് ഖേദകരമാണ് എന്നദ്ദേഹം വ്യക്തമാക്കി. ട്രോളുകാർക്കൊപ്പം നിന്ന് സ്വയം ട്രോൾ കഥാപാത്രങ്ങളാകാൻ അവർ തീരുമാനിച്ചത് വല്യേട്ടൻ സിനിമയുടെ റീ റിലീസിനു പരസ്യം കിട്ടാൻ വേണ്ടിയാകണമെന്നും അദ്ദേഹം ഷാജി കൈലാസിനെ ഓർമിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :