കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ലെന്ന് മൈഥിലി; അബദ്ധങ്ങള്‍ പറ്റിയത് സിനിമയ്ക്ക് പുറത്ത്

Mythili , Cinema , Actress , മൈഥിലി , സിനിമ , നടി
സജിത്ത്| Last Modified ഞായര്‍, 14 ജനുവരി 2018 (13:20 IST)
മലയാള സിനിമയിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിലവില്‍ വന്ന സംഘടനയും അവര്‍ നടത്തുന്ന പരിപാടികളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്ന് നടി മൈഥിലി. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്താന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യൂവെന്നും എന്താണ് ഫെമിനിസമെന്ന് തനിക്കറിയില്ലെന്നും ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞു.

കരിയറിന്റെ കാര്യത്തില്‍ താ‍ന്‍ ഹാപ്പിയല്ല. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാത്തതാണ് കരിയറില്‍ തിരിച്ചടിയായതെന്നും താരം പറയുന്നു. അടുത്തകാലത്ത് ഉണ്ടായതും തനിക്ക് ഒരു ബന്ധവുമില്ലാത്തതുമായ പല സംഭവങ്ങളിലും വിവാദങ്ങളിലും തന്റെ പേര് മാധ്യമങ്ങള്‍ വലിച്ചിഴച്ചു‍. ഒരാളേയും
പേനവച്ച് കീറിമുറിക്കരുത്. അതും പീഡനം തന്നെയാണെന്നും മൈഥിലി പറയുന്നു.

സിനിമയില്‍ നിന്നു തനിക്ക് ഇതുവരെ ഒരുതരത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും വ്യക്തമാക്കുന്ന മൈഥിലി തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ടുമാത്രം പറ്റിയതാണെന്നും സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും അവര്‍ പറയുന്നു.

നമ്മള്‍ ഒരുപാടു വിശ്വസിക്കുന്ന ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയും. നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യം നേരിട്ടാല്‍ ആത്മഹത്യ ചെയ്യും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ. താന്‍ അങ്ങിനെയാണെന്നും മൈഥിലി അഭിമുഖത്തില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :