മോസ്‌കോ|
jibin|
Last Modified ഞായര്‍, 17 ജൂണ്‍ 2018 (16:31 IST)
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി രംഗത്തുവന്നതിനു പിന്നാലെ നിര്‍ണായക പെനാല്‍റ്റി തടയാന്‍ സാധിച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഐസ്‌ലന്‍ഡ് ഗോളി ഹാനെസ് തോർ ഹാൾഡോർസണ്‍.
ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പായി പെനാൽറ്റി ഷോട്ടുകള്‍ മെസി കളിക്കുന്നത് എങ്ങനെയെന്ന് പലയാവർത്തി കണ്ട് പഠിച്ചിരുന്നു. ഇതോടെ അദ്ദേഹം ഷോട്ട് എടുക്കുന്ന രീതികളും ആ സമയത്തെ ചലനവും കൃത്യമായി മനസിലാക്കി. ഇതോടെ കാര്യങ്ങള്‍ അനുകൂലമായി തീര്‍ന്നുവെന്നും ഐസ്‌ലൻഡ് ഗോളി പറഞ്ഞു.
മെസി പെനാല്‍റ്റി എടുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നതിനൊപ്പം മുന്‍ മത്സരങ്ങളില്‍ പെനാൽറ്റികൾ തടുക്കുന്നതിൽ തനിക്ക് പറ്റിയ പിഴവുകളും വീണ്ടും വീണ്ടും കണ്ട് മനസിലാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ മെസിയുടെ പെനാൽറ്റി തട്ടിയകറ്റാനായത് സ്വപ്നതുല്യമായ നേട്ടമാണെന്നും ഹാൾഡോർസണ് വ്യക്തമാക്കി.
അതേസമയം, പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ടെന്ന് മെസി പറഞ്ഞു. അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാര്യങ്ങൾ അനുകൂലമായില്ല. ആദ്യ മത്സരത്തിൽ നിന്ന് ഒരു പോയിന്‍റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല ടീം ആഗ്രഹിച്ചിരുന്നതെന്നും മെസി പറഞ്ഞു.