മോസ്കോ|
BIJU|
Last Modified ശനി, 16 ജൂണ്‍ 2018 (20:44 IST)
ലയണല്‍ മെസിക്ക് പിഴച്ചു. അര്‍ജന്‍റീന ആരാധകരെ നിരാശയുടെ പടുകുഴിയിലാഴ്ത്തി മെസിയും കൂട്ടരും ഐസ്‌ലന്‍ഡിനോട് സമനില സമ്മതിച്ചു. അര്‍ജന്‍റീനയെ സംബന്ധിച്ച് ഇത് പരാജയത്തിന് തുല്യമായ സമനില തന്നെയാണ്.
കുഞ്ഞന്‍മാരെന്ന് നിസാരവത്കരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനമാണ് ഐസ്‌ലന്‍ഡ് പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്‍റീന കളിമറന്നുപോയത്. ഗോളിന് മടക്കഗോള്‍ ഉടന്‍ തന്നെ നല്‍കി ഐസ്‌ലന്‍ഡ് കരുത്ത് തെളിയിച്ചു.
സെര്‍ജിയോ അഗ്യൂറോ കളിയുടെ പത്തൊമ്പതാം മിനിറ്റിലാണ് ഐസ്‌ലന്‍ഡിന്‍റെ വല കുലുക്കി അര്‍ജന്‍റീന ആരാധകരെ ത്രസിപ്പിച്ചത്. എന്നാല്‍ നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഫിന്‍ബോഗന്‍സിന്‍റെ ബൂട്ടില്‍ നിന്ന് പാഞ്ഞ പന്ത് അര്‍ജന്‍റീന വലയ്ക്കുള്ളില്‍ വിശ്രമിച്ചു.
അറുപത്തിനാലാം മിനിറ്റിലായിരുന്നു ഈ മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തം. മെസി പെനല്‍റ്റി പാഴാക്കിയ ആ നിമിഷമായിരിക്കണം ഈ ലോകകപ്പിലെ തന്നെ ഏറ്റവും നിരാശ നല്‍കുന്ന നിമിഷങ്ങളിലൊന്ന്. ഏറ്റവും മോശം ഫോമില്‍ കളിച്ച മെസിയുടെ ചിത്രം തന്നെയാവും ഈ മത്സരത്തിന് ശേഷം ആരാധകരുടെ നെഞ്ചില്‍ വേദനയോടെ തറച്ചിട്ടുണ്ടാവുക.