ബിഗ് സല്യൂട്ട്! കരിയറിൽ വൻ നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും മെസ്സി അത് ചെയ്തു!

സമാധാനത്തിന്റെ വഴിയേ മെസ്സി

അപർണ| Last Modified ബുധന്‍, 6 ജൂണ്‍ 2018 (12:14 IST)
ലോകകപ്പിന് മുന്നോടിയായുള്ള ഇസ്രായേലുമായുള്ള അവസാന സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറിയത് സൂപ്പർതാരം ലയണൽ മെസ്സിയുടെ കടുത്ത നിലപാടിനെ തുടർന്നെന്ന് റിപ്പോർട്ട്. സൗഹൃദ മത്സരവുമായി അര്‍ജന്റീന അധികൃതര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കളിക്കാന്‍ വിട്ടുനില്‍ക്കേണ്ടി വരുമെന്ന് വരെ മെസി നിലപാട് കടുപ്പിച്ചതായാണ് സൂചന.

മത്സരത്തിൽ നിന്നും താൻ വിട്ടുനിൽക്കുമെന്ന് വരെ മെസ്സി തീരുമാനമെടുത്തതോടെ മത്സരം ഉപേക്ഷിക്കാനല്ലാതെ മറ്റൊരു വഴിയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുന്നിലുണ്ടായിരുന്നില്ല. ലോകശക്തിയായ ഇസ്രായേലിന്റെ അപ്രീതി പിടിച്ചുപറ്റുന്നത് കരിയറിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും നിലപാടുകളാണ് തങ്ങൾക്ക് പ്രധാനം എന്ന് മെസ്സിയും കൂട്ടുകാരും തെളിയിച്ചിരിക്കുകയാണ്. ഇതോടെ മെസ്സിയുടെ നിലപാടുകൾക്ക് ബിഗ് സല്യൂട്ട് അടിച്ചിരിക്കുകയാണ് പലസ്തീൻ.

മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ലോകകപ്പിനെത്തുന്ന ടീമുകളിൽ ഒരു സന്നാഹ മത്സരം പോലും കളിക്കാതെയെത്തുന്ന ടീമായി മാറിയിരിക്കുകയാണ് അർജന്റീന.

ജറുസേലമില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ അര്‍ജന്റീന പങ്കെടുത്താല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടയുള്ളവര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഇരുരാഷ്ട്രങ്ങളിലേയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുകയും മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്യുകയായിരുന്നു.

ഈ മാസം 10 ന് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. തങ്ങള്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ഇസ്രായേല്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം ക്രമീകരിച്ചിരുന്നത്.
ഇതാണ് പലസ്തീനെ ചൊടിപ്പിച്ചത്.

സമാധാനത്തിന്റെ പ്രതീകമായ ലയണല്‍ മെസ്സി ഇസ്രായേലിനെതിരേ നടക്കുന്ന സന്നാഹ മത്സരത്തിന് ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ ജെഴ്സി കത്തിക്കാന്‍ പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രീല്‍ റജബ് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ജൂണ്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ മെസ്സി പങ്കെടുക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും പലസ്തീൻ പറഞ്ഞിരുന്നു.

അര്‍ജന്റീന-ഇസ്രായേല്‍ സൗഹൃദ മത്സരമായി കാണാന്‍ സാധിക്കില്ലെന്നും ഈ മത്സരത്തെ ഇസ്രായേല്‍ കാണുന്നത് കൃത്യമായ രാഷ്ട്രീയ ആയുധമായാണെന്നും റജബ് ചൂണ്ടിക്കാണിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :