ജോണ്‍ കെ ഏലിയാസ്|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (16:48 IST)
85 വയസായി കേരളത്തിന്റെ സ്വന്തം രാജേട്ടന്. പക്ഷേ അരുവിക്കരയിലേക്കൊന്ന് ചെന്നുനോക്കൂ. 31കാരനായ ശബരീനാഥനേക്കാള് ആത്മവിശ്വാസത്തോടെ, ചുറുചുറുക്കോടെ ഓടിനടന്ന് വോട്ടഭ്യര്‍ത്ഥിക്കുന്ന ഒ രാജഗോപാല്‍ എന്ന രാഷ്ട്രീയാചാര്യനെ കാണാം. പലതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് രാജഗോപാല്‍. എപ്പോഴും പരാജയപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിത്തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു രാജേട്ടനും ബി ജെ പി സംസ്ഥാന ഘടകവും.
ബി ജെ പിക്ക്
അരുവിക്കര തെരഞ്ഞെടുപ്പ് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമല്ല. ജീവന്മരണ പോരാട്ടം കൂടിയാണ്. ഇത്തവണ ജയിക്കാനായില്ലെങ്കില്‍ ഇനി കേരളത്തില്‍ അക്കൌണ്ട് തുറക്കുക എന്ന ലക്ഷ്യം മറക്കാനേ നിവൃത്തിയുള്ളൂ എന്നവര്‍ക്ക് ഉത്തമബോധ്യമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വെള്ളം കുടിപ്പിച്ച രാജഗോപാലിനെത്തന്നെ അരുവിക്കരയിലും ഇറക്കിയത് വെറുതെ തോറ്റുമടങ്ങാനല്ല. ശബരീനാഥനെയും അതികായനായ എം വിജയകുമാറിനെയും പരാജയപ്പെടുത്തി അരുവിക്കരയില്‍ താമരവിരിയിക്കാമെന്ന വിശ്വാസത്തില്‍ത്തന്നെയാണ് ബി ജെ പി.
ഒ രാജഗോപാലിന് വ്യക്തിപരമായും ഈ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്നമാണ്. സര്‍വ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും എല്ലാത്തവണയും തോല്‍ക്കുകയും ചെയ്യുന്നയാളെന്ന ഇമേജ് മാറ്റുക എന്നതാണ് രാജഗോപാല്‍ നേരിടുന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ സര്‍വ ആയുധങ്ങളും സര്‍വ സന്നാഹങ്ങളും പ്രയോഗിച്ച് പയറ്റാന്‍ ബി ജെ പിയും രാജഗോപാലും തീരുമാനിച്ചിരിക്കുകയാണ്.
1989ല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തിലാണ് രാജേട്ടന് ആദ്യമായി വലിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. പിന്നീട് മധ്യപ്രദേശില്‍ നിന്ന് 1992ലും 98ലും അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലെത്തുകയും കേരളത്തിന് ഏറ്റവും പ്രയോജനപ്പെട്ട റയില്‍വെ മന്ത്രിയെന്ന പേരുസമ്പാദിക്കാനും രാജഗോപാലിനായി.
1999ല്‍ തിരുവനന്തപുരത്ത് വീണ്ടും മത്സരിച്ച രാജഗോപാല്‍ പരാജയപ്പെട്ടു. 2004ല്‍ തിരുവനന്തപുരത്തുതന്നെ വീണ്ടും മത്സരിച്ചു, പി കെ വാസുദേവന്‍ നായരോട് പരാജയം ഏറ്റുവാങ്ങി.
2011ല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വെറും 6,400 വോട്ടുകള്‍ക്ക് പരാജയം രുചിച്ചു. 2012ല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായി. അവിടെയും പരാജയപ്പെട്ടു. 2014ല്‍ വീണ്ടും തിരുവനന്തപുരത്ത് രാജേട്ടന് മത്സരിക്കാനിറങ്ങി. വിജയത്തിനരികെ വരെയെത്തുകയും ശശി തരൂരിനോട് വളരെ നേരിയ വ്യത്യാസത്തിന് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ അവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബി ജെ പിയുടെ ആത്മവിശ്വാസം കൂട്ടി.
ആ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് അരുവിക്കരയില്‍ ഒ രാജഗോപാലിനെ പരീക്ഷിക്കാന്‍ ബി ജെ പി തയ്യാറാക്കിയിരിക്കുന്നത്. ശബരീനാഥിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് സഹതാപതരംഗം ലക്ഷ്യം വച്ചാണെങ്കില്‍ രാജഗോപാലിനും ഒരു സഹതാപ തരംഗമുണ്ട് എന്നത് വാസ്തവം. എല്ലാ തെരഞ്ഞെടുപ്പിലും ജനപിന്തുണ തെളിയിക്കാനായെങ്കിലും ഒരുതവണ പോലും അദ്ദേഹത്തിന് ജയിക്കാനായില്ല എന്നതാണ് യഥാര്‍ത്ഥ സഹതാപ തരംഗമെന്ന് ബി ജെ പിയും കരുതുന്നു. ആ തരംഗം വര്ക്കൌട്ടായാല് ഒ രാജഗോപാല്‍ അരുവിക്കരയില്‍ ജയിച്ചുകയറുമെന്ന് ബി ജെ പി വിശ്വസിക്കുന്നു.