അരുവിക്കരയില്‍ ശബരീനാഥന്‍ ജയിക്കുന്നതിനുള്ള 3 കാരണങ്ങള്‍

അരുവിക്കര, ശബരീനാഥന്‍, രാജഗോപാല്‍, വിജയകുമാര്‍, വി എസ്, കാര്‍ത്തികേയന്‍
ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 3 ജൂണ്‍ 2015 (15:43 IST)
അരുവിക്കര. തിരുവനന്തപുരം ജില്ലയിലെ ശാന്തഗംഭീരമായ സ്ഥലം. കാലവര്‍ഷത്തിന്‍റെ തണുത്തുറഞ്ഞ ദിനങ്ങളിലേക്കാണ് കേരളം കടക്കുന്നതെങ്കിലും ചുട്ടുപൊള്ളുകയാണ്. കാരണം, ഈ വരുന്ന 27ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര നിയമസഭാ മണ്ഡലം തങ്ങളുടെ പുതിയ നാഥനെ തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനപ്പെട്ട മൂന്നുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളിലാണ്. ഒപ്പം പി സി ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥി കെ ദാസ്, സാക്ഷാല്‍ പി സി തോമസ്, പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് എന്നിവരും അരുവിക്കരയില്‍ ഭാഗ്യം അന്വേഷിക്കുന്നു.

നിയമസഭയില്‍ അരുവിക്കരയുടെ ശബ്ദമായിരുന്ന ജി കാര്‍ത്തികേയന്‍റെ മകന്‍ കെ എസ് ശബരീനാഥനാണ് അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. അരുവിക്കരയുമായി പൊക്കിള്‍‌ക്കൊടി ബന്ധമുള്ള എം വിജയകുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബി ജെ പിയുടെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ്. മത്സരം കടുപ്പേറിയതും പ്രവചനാതീതവുമെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സാഹചര്യം.

അരുവിക്കരയില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും ഇത് ജീവന്‍‌മരണപ്പോരാട്ടമാണ്. അരുവിക്കരയിലെ തെരഞ്ഞെടുപ്പുഫലം ഭരണനേട്ടത്തിന്‍റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും പറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കെല്ലാം ഈയൊരു തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ കഴിയുമെന്നാണ് യു ഡി എഫ് വിലയിരുത്തുന്നത്.

കെ എസ് ശബരീനാഥന് വിജയസാധ്യത കല്‍പ്പിക്കുന്നതിന് മൂന്ന് കാരണങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ഏറ്റവും പ്രധാനം ശബരീനാഥന്‍ യുവാവാണ് എന്നതാണ്. ശബരിയുടെ എതിരാളികളാകട്ടെ പ്രായം കൊണ്ടും അനുഭവപരിചയം കൊണ്ടും പടക്കുതിരകള്‍. 85 വയസായ രാജഗോപാലിനെയും 65കാരനായ വിജയകുമാറിനെയും പിന്തള്ളി 31കാരനായ ശബരീനാഥന്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്‍റെ മുക്കിനും മൂലയിലും ഓടിനടന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ശബരീനാഥന്‍റെ ഊര്‍ജ്ജസ്വലതയും ചെറുപ്പവും യുവജനങ്ങളുടെ പിന്തുണയ്ക്ക് കാരണമാകുമെന്നും അവര്‍ വിശ്വസിക്കുന്നു.

അരുവിക്കരക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‘ജികെ’യുടെ മകന്‍ ആണെന്നതാണ് ശബരീനാഥന്‍റെ മറ്റൊരു പ്ലസ് പോയിന്‍റ്. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സ്നേഹവും ബഹുമാനവുമുള്ള കാര്‍ത്തികേയന്‍റെ മകന്‍ മത്സരിക്കുമ്പോള്‍ അരുവിക്കരയിലെ ജനങ്ങള്‍ക്കുണ്ടാകുന്ന സ്നേഹവായ്പും സഹതാപവും വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എല്ലാ സ്വീകരണസ്ഥലത്തും ശബരീനാഥന്‍ കണ്ണീരോടെ പങ്കുവയ്ക്കുന്നതും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതൊരു രാഷ്ട്രീയ മത്സരം മാത്രമാകുമ്പോള്‍ അച്ഛന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന പ്രതീക്ഷയാണ് ശബരി വോട്ടര്‍മാരുമായി പങ്കുവയ്ക്കുന്നത്.

വര്‍ഷങ്ങളായി കാര്‍ത്തികേയന്‍ ജയിച്ചുപോന്ന, കോണ്‍ഗ്രസിന് ആഴത്തില്‍ വേരുള്ള മണ്ഡലം എന്നതാണ് ശബരീനാഥന്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസിനെ ഉറച്ചുവിശ്വസിപ്പിക്കാന്‍ പോരുന്ന മറ്റൊരു കാരണം. ആര്യനാട് മണ്ഡലത്തില്‍ തുടര്‍ച്ചയായി നാലുതവണയും കഴിഞ്ഞ തവണ അരുവിക്കരയിലും കാര്‍ത്തികേയന്‍ ജയിച്ചിരുന്നു. എല്ലാത്തവണയും മോശമല്ലാത്ത ഭൂരിപക്ഷവും നേടി. 2011ല്‍ അരുവിക്കരയില്‍ ആര്‍ എസ് പിയിലെ അമ്പലത്തറ ശ്രീധരന്‍ നായരെ 10,674 വോട്ടിന്‍റെ വ്യത്യാസത്തിലാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. ശബരീനാഥന്‍ ഈ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസും യു ഡി എഫും വിലയിരുത്തുന്നത്.

അരുവിക്കര, ആര്യനാട്, തളിക്കോട്, വിതുര, കുറ്റിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അരുവിക്കര കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. അരുവിക്കര ഡാം തന്നെയാണ് മുഖ്യാകര്‍ഷണം. എന്തായാലും അരുവിക്കര ആരെ തുണയ്ക്കുമെന്ന് ജൂണ്‍ 30ന് അറിയാം. അതുവരെ എല്ലാ പാര്‍ട്ടികളുടെയും അവകാശവാദങ്ങള്‍ കരമനയാറിന്‍ കരയില്‍ പ്രതിദ്ധ്വനിക്കട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :