വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍

പീസിയന്‍

WEBDUNIA|
ചങ്ക്രാന്തി

സംക്രാന്തി എന്ന വാക്കില്‍ നിന്നാണ് നാടന്‍ പ്രയോഗമായ ചങ്ക്രാന്തി ഉണ്ടായത്. ഇത് വടക്കന്‍ മലബാറിലാണ് പ്രധാനമായും കണ്ടുവരുന്നത്. മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാവുമ്പോഴും കര്‍ക്കിടകം കഴിഞ്ഞ് മിഥുനമാവുമ്പോഴും ആണ് ചങ്ക്രാന്തിക്ക് അഘോഷങ്ങള്‍ ഉണ്ടാകാറുള്ളത്. വരുന്ന വര്‍ഷം നല്ല വിളവ് തന്ന് അനുഗ്രഹിക്കാനുള്ള പ്രാര്‍ത്ഥനയാണ് ഈ ചടങ്ങ്.

അന്ന് കുട്ടികള്‍ വാഴത്തട കൊണ്ട് ചെറിയ കോണിയും നുകവും പ്ലാവില കൊണ്ട് കാളകളും ഉണ്ടാക്കി വാഴയിലയില്‍ വച്ച് സന്ധ്യയ്ക്ക് ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ കൊണ്ടുവയ്ക്കുന്നു. കോണ്‍ മരത്തിലേക്ക് ചാരിവയ്ക്കും.

വീട്ടിലുള്ള എല്ലാവരും മരത്തിനു ചുറ്റും ചെന്ന് കലിയാ കലിയ കുയ്.. ചക്കയും മാങ്ങയും തരണേ.. എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കും. ഈ ദിവസം തകരയില കൊണ്ട് ഉപ്പേരിയും പുഴുക്കും മറ്റും വീടുകളില്‍ ഉണ്ടാക്കി കഴിക്കുകയും ചെയ്യും.

ഇല്ലം നിറ

കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലം നിറ. പാടത്ത് നിന്ന് വിളഞ്ഞ കതിര്‍ മുറിച്ച് വീടിന്‍റെ പടിക്കല്‍ കൊണ്ട് വരും. ദശപുഷ്പങ്ങളും ചില ഇലകളും വച്ച തൂശനയിലയും വച്ച് വീട്ട് മുറ്റത്തേക്കോ അകത്തെ മച്ചിലേക്കോ കൊണ്ടുപോകും.

ഇതിനു മുമ്പില്‍ കൊളുത്തിയ നിലവിളക്കുമായി ഒരാള്‍ നടക്കും. നിറ നിറ പൊലി പൊലി ഇല്ലം നിറ വല്ലം നിറ പത്തായം നിറ എന്ന് ഉരുവിട്ട് വീട്ടില്‍ എല്ലാവരും പിന്തുടരും. നിലവിളക്കിനെ പ്രദക്ഷിണം വച്ച ശേഷം ജനലിലും വാതിലിലും അരിമാവ് അണിഞ്ഞ് ചാണകം ചേര്‍ത്ത് കതിര് പതിച്ചു വയ്ക്കും.

ചിലര്‍ കതിര്‍ കെട്ടിത്തൂക്കിയിടും. കൃഷിയില്ലാത്തവര്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഇല്ലം നിറ ചടങ്ങില്‍ ലഭിക്കുന്ന കതിരു കൊണ്ടുപോയി വീട്ടിലോ പൂജാമുറിയിലോ വയ്ക്കുകയാണ് പതിവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :