വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍

പീസിയന്‍

WEBDUNIA|

ചിങ്ങം ഒന്ന് കേരളീയര്‍ക്ക് പുതുവര്‍ഷാരംഭമാണ്. ഈ ദിവസം കര്‍ഷകദിനമായി ആചരിക്കുന്നു.

കേരളം പതുക്കെ കാര്‍ഷിക വൃത്തിയോട് വിട പറയുകയാണ്. എങ്കിലും പഴയ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ തലമുറ ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്ന്.

കൃഷി ഭക്ഷണം കഴിച്ചു ജീവിക്കാനുള്ള ഒരു ശീലം മാത്രമായിരുന്നില്ല. കേരളീയ ജീവിതത്തിന്‍റെ നട്ടെല്ലായിരുന്നു അത്. അതില്‍ പല സാംസ്കാരിക തനിമകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു, പ്രത്യേകിച്ച് നെല്‍ക്കൃഷിയുടെ കാര്യത്തില്‍.

നിലമൊരുക്കുന്നത് മുതല്‍ വിത്തെറിഞ്ഞ് മുളപ്പിച്ച് ഞാറ് മാറ്റിനട്ട് കൊയ്യുന്നത് വരെയുള്ള ഘട്ടങ്ങളിലായി പല പല അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ നടക്കാറുണ്ട്. ഞാറ്റുവേലകള്‍ ഫലപ്രദം ആകാത്ത ഈ കാലഘട്ടത്തില്‍ വയലിലെ കൊയ്ത്ത് പാട്ടുകളും നിലമുഴലിന്‍റെ താളങ്ങളും അന്യമായിക്കൊണ്ടിരിക്കുകയാണ്.

ഉച്ചാറല്‍ (ഉച്ചാര),ചങ്ക്രാന്തി, പൊലി, ഇല്ലംനിറ, പുത്തരി, കളം‌പെരുക്കല്‍, കങ്ങാണി, കൊയ്ത്ത് വേല, പോത്തോട്ടം, കറ്റപ്പാട്ട് കഴിക്കല്‍, കൈക്കോട്ട് ചാല്, തുലാപ്പത്ത്, കതിരുത്സവം, ദേശവലത്ത്, കതിര്‍മെടച്ചില്‍, കാര്‍ത്തിക ദീപം കത്തിക്കല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നിലനിന്നു പോന്നു.

ഉച്ചാര

കൃഷിഭൂമിയുടെ വിശ്രമസമയത്തെയാണ് ഉച്ചാരല്‍ അഥവാ ഉച്ചാര ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാണ് ഈ ആചാരം അനുഷ്ഠിക്കാറ്. കുംഭം, മീനം മാസങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ കൃഷിപ്പണി സാധ്യമല്ലാതാവും. നാലു ദിവസങ്ങളായാണ് ഉച്ചാറല്‍ ചടങ്ങ് നടക്കുക.

ഈ ദിവസം വിത്തെടുക്കാനോ നെല്ല് കൈമാറാനോ പണിയായുധങ്ങള്‍ തൊടാനോ പാടില്ല. പത്തായം തുറക്കാതിരിക്കാന്‍ വള്ളികള്‍ കൊണ്ട് കെട്ടിവയ്ക്കും. പാട്ടക്കൃഷി ചെയ്യുന്നവര്‍ എല്ലാ കണക്കുകളും ഈ ദിവസങ്ങളില്‍ തീര്‍ക്കും. ഭൂമിദേവി പുഷ്പിണിയാവുന്ന കാലം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കാറ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :