നാരദന്‍|
Last Updated:
വെള്ളി, 30 ജനുവരി 2015 (12:08 IST)
ആരെങ്കിലും ഇന്ന് ‘ഹാപ്പി ബേര്‍ത്ഡേ മാണി സാറേ’ എന്നു പറയുന്നുണ്ടെങ്കില്‍ ഒരു കൈ അകലത്തില്‍ നിന്നോളൂ. കാരണം, പുറത്ത് വലിയ ഹാപ്പി കാണിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ള് ചിലപ്പോള്‍ പുളയുന്നുണ്ടാകും. അഴിമതിയാരോപണത്തിന്റെ ചാട്ടവാര്‍ അടിയേറ്റ് ആകെ തിണര്‍ത്തു കിടക്കുകയാണ് ആ നെഞ്ചിന്‍ കൂട്. ആരോപണം ഒക്കെ ഉന്നയിച്ചാലും ഇങ്ങനെയൊക്കെ പറയാമോ ? ലക്ഷത്തില്‍ തുടങ്ങിയതാ, ഇപ്പോള്‍ എത്ര കോടികളിലെത്തിയെന്ന് ആര്‍ക്കും വലിയ പിടിയില്ല. ഒന്നുമല്ലെങ്കിലും നമ്മുടെ നാടിന്റെ ധനമന്ത്രിയാണെന്നുള്ള പരിഗണന എങ്കിലും കൊടുക്കണ്ടേ?
കാര്യം മാണി സാര്‍ ക്രിസ്ത്യാനിയാണ്. പാലായില്‍ ഉള്ള എല്ലാ ഞായറാഴ്ചയും പള്ളിയില്‍ മുമ്പില്‍ തന്നെ ഉണ്ടാകും. എന്നു വിചാരിച്ച് ദേവീ ദേവന്മാരോടൊന്നും ഒരു അയിത്തവും ഇല്ല. അതില്‍ തന്നെ ലക്ഷ്‌മീ ദേവിയോടാണ് മാണിക്ക് ഏറെ ആരാധന.
എന്തൊക്കെയാണ് ദുഷ്‌ടശക്തികള്‍ പടച്ചുവിടുന്നത്? ബജറ്റ് വിറ്റ് കാശാക്കിയത്രേ, വീട്ടില്‍ പണമെണ്ണുന്ന യന്ത്രമുണ്ടത്രേ. അവിടെയും ഇവിടെയും ഒക്കെ ബിനാമിയാണ്. അങ്ങനെ എന്തൊക്കെ ആരോപണങ്ങളാണ്. കഴിഞ്ഞ അമ്പതുവര്‍ഷമായി പാലായുടെ സ്വന്തമാണ് മാണി സാര്‍ . ആരും ഇതുവരെ ഒന്നു തോല്‍പ്പിച്ചിട്ടില്ല. തോല്പിക്കാന്‍ ജനങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള മാണിസാറിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്.
പിന്നെ, മദ്യനയം കൊണ്ടുവന്നാലും പാളിപ്പോയാലും കത്തോലിക്കസഭ കൂടെയുള്ളത് ഒരു ആശ്വാസമാണ്. അത് വിശ്വാസമാണ്. എന്നാലും, മാണിയുടെ അവസ്ഥയെ സഭയ്ക്ക് മനസ്സിലാകും. ബാര്‍ അടച്ചു പൂട്ടിയാലും പൂട്ടിയില്ലെങ്കിലും സഭയ്ക്ക് ഇപ്പോള്‍ വലിയ പ്രശ്നമൊന്നുമില്ല. പക്ഷേ, മാണിയെ പൂട്ടാന്‍ ഒരുത്തനെയും സഭ സമ്മതിക്കില്ല. അതിനു പത്രത്തില്‍ ലേഖനമടിച്ചും പിന്തുണ പ്രഖ്യാപിക്കും. നല്കിയില്ലെങ്കില്‍ അതു വലിയ നന്ദികേടുമാകും.
ആരോപണങ്ങള്‍ എത്ര വന്നാലും താങ്ങാന്‍ ആരുമില്ലെങ്കിലും സഭ ഉണ്ടെന്ന വിശ്വാസം തന്നെയാണ് മാണിയുടെ ചിരിയുടെ ചിലമ്പൊലിക്ക് ഇത്രയേറെ മധുരം ഉണ്ടാകാന്‍ കാരണം. എണ്‍പത്തിരണ്ടാം പിറന്നാള്‍ ദിനം ജീവിതത്തിലെ കടുത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് പോകുന്നതെങ്കിലും ഒരു കഷണം കേക്ക് കഴിക്കാനുള്ള ധൈര്യമൊക്കെ മാണിസാറിന് ഉണ്ടാകുമെന്ന് കരുതാം.