പണി തന്നത് മദനി, പിണറായി: ഉണ്ണിത്താന്‍

കൊല്ലം| WEBDUNIA|
PRO
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കെപിസിസി സംരക്ഷിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നു. സജീവരാഷ്ട്രീയം വിടാന്‍ ഇടയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച ഉണ്ണിത്താന്‍ കൂടുതല്‍ കരുത്തോടെ രാഷ്ട്രീയ ജീവിതത്തില്‍ മുന്നേറുമെന്നാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. കെപിസിസിയെ പേടിപ്പിച്ച നാക്കിന്‍റെ ബലം കൊണ്ടുതന്നെ തന്‍റെ മേല്‍ വീണ കറ കഴുകിക്കളയാനാണ് ഉണ്ണിത്താന്റെ ശ്രമം‍. മച്ചിപെണ്ണിനെതിരെ ഗര്‍ഭത്തിന്‌ കേസെടുത്തതുപോലെയാണ്‌ തനിക്കെതിരെ കേസെടുതെന്നും സത്യത്തിനെന്നും പതിനെട്ട് വയസായിരിക്കുമെന്ന വിശ്വാസമാണ് തന്നെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ആയിരുന്നു ഉണ്ണിത്താന്റെ പ്രതികരണം‍.

സസ്പെന്‍ഷന്‍ പിന്‍‌വലിച്ച വാര്‍ത്തയ്ക്ക് ശേഷം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട ഉണ്ണിത്താന്‍ പതിവു രാഷ്ട്രീയ എതിരാളികളായ മദനിക്കും പിണറാ‍യിക്കും എതിരെ വീണ്ടും ശക്തമായ ആക്രമണത്തിനും മുതിര്‍ന്നു. പിണറായി വിജയനും മദനിയും നടത്തിയ ആസൂത്രിതമായ നീക്കമാണ്‌ നിരപരാധിയായ തന്നെ കുടുക്കിയതെന്നും തന്നെ വകവരുത്താനായിരുന്നു ഇവര്‍ ആദ്യം ശ്രമിച്ചതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. തന്റെ 41 കൊല്ലത്തെ രാഷ്ട്രീയജീവിതത്തിന്‌ അപകീര്‍ത്തിയിലൂടെ അറുതിവരുത്താനായിരുന്നു പിന്നീട് ഇവര്‍ ശ്രമിച്ചത്‌.

“കന്യാസ്ത്രീയെ കോടതിയില്‍ വിചാരണ ചെയ്യാമെങ്കില്‍ എന്തുകൊണ്ട്‌ സൂഫിയയെ ചോദ്യം ചെയ്തുകൂടാ എന്ന് ചോദിച്ചതാണ് മദനിയെ പ്രകോപിപ്പിച്ചത്. മദനിയെ സംരക്ഷിച്ച പിണറായി വിജയന്‍ കുറ്റക്കാനാ‍ണ്‌. അച്യുതാനന്ദന്‌ ഭരിക്കാന്‍ അനുവദിക്കാതെ സംസ്ഥാനം കുട്ടിച്ചോറാക്കുന്ന പിണറായിക്കെതിരെ നിരവധി യോഗങ്ങളില്‍ പ്രസംഗിച്ചതിനാണ്‌ മഞ്ചേരിയില്‍ വച്ച്‌ എനിക്കൊരു പണി തന്നത്. പോലീസിനെ ഇരുവരും ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു“

“സത്യഭാമ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള നവനീതം വീട്ടിലാണ്‌ പീഡനം നടത്തിയതെന്ന്‌ പറയുന്നത്‌. ഈ വീട്ടിന്റെ പരിസരത്തുള്ള ഒരാളുപോലും അനാശാസ്യപ്രവര്‍ത്തനം നടത്തിയതായി മൊയ്തിന്‍ കമ്മീഷന് മൊഴിനല്‍കിയില്ല. അവരാരും പൊലീസിലും പരാതിനല്‍കിയില്ല. പ്രദേശവാസികളല്ലാത്ത കുറെ പിഡിപി പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാതിരാത്രിയില്‍ കൊടിയുമായെത്തിയാണ്‌ എന്നെ കുടുക്കാന്‍ ശ്രമിച്ചത്‌.”

“യുവതിയെ വൈദ്യപരിശോധനയ്ക്ക്‌ വിധേയമാക്കിയിരുന്നു. എല്ലാവിധ പരിശോധനകള്‍ക്കും ഞാനും സഹകരിച്ചു. വര്‍ഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കും. ഫോണിലൂടെ എനിക്ക് വധഭീഷണി വരുന്നുണ്ട്. ഈ ഭീഷണികള്‍ക്ക് ഞാന്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.”

"കേരളത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുകയും കോണ്‍ഗ്രസ്‌ യോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്തിട്ടുള്ളത്‌ ഞാനാണ്‌. കേരളത്തിലെ 14 ജില്ലകളിലുമുള്ള ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പോലും എനിക്കെതിരെ അപവാദം പറയില്ല. അങ്ങനെയുണ്ടായാല്‍ എന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. സംശുദ്ധമായ രാഷ്ട്രീയത്തിലൂടെ മുന്നോട്ടുപോകുന്നവനാണ്‌ ഉണ്ണിത്താന്‍. അതുകൊണ്ട്‌ ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ട്‌. അതിനെ നേരിടാനുള്ള ചങ്കൂറ്റം കറപുരളാത്ത രാഷ്ട്രീയജീവിതത്തില്‍നിന്ന്‌ നേടിയിട്ടുമുണ്ട്" - ഉണ്ണിത്താന്‍ ആഞ്ഞടിച്ചു.

ഡിസംബര്‍ ഇരുപതിനാണ് സേവാദള്‍ പ്രവര്‍ത്തകയായ ജയലക്‍ഷ്മിയുമൊത്ത് മഞ്ചേരിയിലെ ഒരു വീട്ടില്‍ ഉണ്ണിത്താനെ നാട്ടുകാര്‍ രാത്രിയില്‍ പിടികൂടിയത്. സംഭവം ഏറെ വിവാദമായതോടെ ഉണ്ണിത്താനെ സസ്പെന്‍ഡ് ചെയ്യാന്‍ കെപിസിസി നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ന്ന് മലബാറിലെ മുതിര്‍ന്ന നേതാവ് കെപി മൊയ്തീനെ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഒന്നരയാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂ‍ര്‍ത്തിയാക്കുമെന്ന് പറഞ്ഞ മൊയ്തീന്‍ പക്ഷേ മാസങ്ങള്‍ എടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഉണ്ണിത്താനെ കരുതിക്കൂട്ടി കുടുക്കിയതാണെന്നായിരുന്നു മൊയ്തീന്‍റെ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി ഉണ്ണിത്താനെ തിരിച്ചെടുക്കാന്‍ കെപിസിസി തീരുമാനിച്ചത്.

സസ്പെന്‍ഷന്‍ തീരുമാനമറിഞ്ഞ് കെപിസിസിക്കെതിരെ പോലും ഉണ്ണിത്താന്‍ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. സസ്പെന്‍ഷന്‍ തന്‍റെ രോമത്തില്‍ പോലും ഏശില്ലെന്നും കോണ്‍ഗ്രസിലെ എല്ലാവരുടെയും നാറിയ കഥകള്‍ പുറത്ത് പറയുമെന്നും മറ്റും ഉണ്ണിത്താന്‍ ഭീഷണി മുഴക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :