നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്

WEBDUNIA|
ഏറമ്പാല കൃഷ്ണന്‍ നായനാര്‍ 1919 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ചു. 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. കര്‍ഷക-വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനു നേതൃത്വം നല്‍കി പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചു.

ചരിത്രപ്രസിദ്ധമായ കയ്യൂര്‍, മൊറാഴ സമരങ്ങളില്‍ നായനാര്‍ സജീവമായി പങ്കെടുത്തിരുന്നു. സമരത്തെ തുടര്‍ന്ന് ഒളിവില്‍ പാര്‍ത്ത നായനാരെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. 1940ല്‍ ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായി. അടിയന്തിരാവസ്ഥക്കാലത്തുള്‍പ്പടെ 11 വര്‍ഷം ജയില്‍വാസമനുഭവിച്ചു.

1967ല്‍ പാലക്കാട്ട് നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇരിക്കൂറില്‍ നിന്നും 1980ലും 1982ലും മലമ്പുഴയില്‍ നിന്നും 1987, 1991 വര്‍ഷങ്ങളില്‍ തൃക്കരിപ്പൂരില്‍ നിന്നും 1996ല്‍ തലശേരിയില്‍ നിന്നും കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972-80ല്‍ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

1980ലാണ് നായനാര്‍ ആദ്യം മുഖ്യമന്ത്രിയായത്. 1980 ജനവരി 25 മുതല്‍ 1981 ഒക്ടോബര്‍ 10 വരെ ആദ്യ തവണ നായനാര്‍ കേരളം ഭരിച്ചു. 1987 മാര്‍ച്ച് ഏഴു മുതല്‍ 1991 ജൂണ്‍ വരെ നായനാര്‍ രണ്ടാം തവണ കേരളം ഭരിച്ചു. 1996 മെയ് മുതല്‍ 2001 മെയ് വരെ മൂന്നാം തവണ മുഖ്യമന്ത്രിയായി.

രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു നായനാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി 15ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും നായനാരുടേതായുണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആത്മകഥയായ സമരത്തീച്ചൂളയില്‍, മൈ സ്ട്രഗിള്‍സ്, ജയിലിലെ ഓര്‍മകള്‍, എന്‍റെ ചൈനാ ഡയറി, മാര്‍ക്സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, സാഹിത്യവും സംസ്കാരവും, വിപ്ളവാചാര്യന്മാര്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :