ലയന തീരുമാനം ഇന്ന്: പിളര്‍പ്പ് ഉറപ്പ്

കോട്ടയം| WEBDUNIA| Last Modified വെള്ളി, 30 ഏപ്രില്‍ 2010 (09:08 IST)
കേരള കോണ്‍ഗ്രസ്‌ മാണിയില്‍ ലയിക്കാന്‍ ജോസഫ്‌ വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. പി സി തോമസിന്റെ നേതൃത്വത്തിലുള്ള അസംതൃപ്ത വിഭാഗവും ഇന്നുതന്നെ സംസ്ഥാന സമിതി ചേരാന്‍ തീരുമാനിച്ചു. ഇരുവിഭാഗവും ശക്തിതെളിയിക്കാന്‍ കോട്ടയത്താണ് യോഗം വിളിച്ചിരിക്കുന്നത്.

പി സി തോമസിന്റെ യോഗം രാവിലെ 10.30ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും ജോസഫ് വിഭാഗത്തിന്റെ യോഗം വൈകീട്ട് മൂന്നിന് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് നടക്കുന്നത്. ഇരുവിഭാഗങ്ങളുടെയും കണക്കുകൂട്ടലനുസരിച്ച് കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സമിതി യോഗത്തോടെ കേരള കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായി കഴിഞ്ഞു.

രണ്ട് വിഭാഗവും യോഗം ചേരാനിരിക്കെ വി സുരേന്ദ്രന്‍പിള്ള എം എല്‍എ ആരൊപ്പം ചേരുമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. പി ജെ ജോസഫിനോട്‌ ഇടഞ്ഞും പി സി തോമസിനോട്‌ അടുത്തും നില്‍ക്കുന്ന സുരേന്ദ്രന്‍പിള്ള ഏതു യോഗത്തിലാണു പങ്കെടുക്കുക എന്നത് സംബന്ധിച്ച് സംശയങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം തൈക്കാട് ഗസ്റ്റ്ഹൌസില്‍ ചേര്‍ന്ന പി സി തോമസ് വിഭാഗത്തിന്റെ രഹസ്യ ഉന്നതതല യോഗത്തില്‍ പിളര്‍പ്പ് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്നാണ് കരുതുന്നത്. പി സി തോമസ്, സ്കറിയാ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

യോഗശേഷം പി സി തോമസ് വിഭാഗം പിണറായി വിജയന്‍, വെളിയം ഭാര്‍ഗവന്‍ എന്നിവരെ കണ്ടു എല്‍ ഡി എഫില്‍ ഉറച്ചുനില്‍ക്കുന്ന വിവരം ധരിപ്പിച്ചു. അതേസമയം, പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിട്ടുപോകുന്നുവെങ്കില്‍ വി സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാമെന്ന ഉറപ്പ് സി പി എം നേതൃത്വത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :