കുണ്ടുകുളം പിതാവിന്‍റേത് ദുരൂഹമരണമോ?!

ജോണ്‍ കെ ഏലിയാസ്

Lonappan Nampadan
PRO
PRO
കുണ്ടുകുളം പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയില്‍ പറയുന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് തൃശൂര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളില്‍ എന്തെങ്കിലും കഴമ്പുള്ളതായി കരുതുന്നില്ലെന്ന്‌ അതിരൂപത ചാന്‍സലറും പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടറുമായ ഫാദര്‍ റാഫേല്‍ ആക്കാമറ്റം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പുസ്തകം വിപണിയില്‍ എത്തുന്നതിന് മുമ്പേ, ആത്മകഥയിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത നടപടി തന്നെ സംശയാസ്പദമാണ്. അടുത്തുതന്നെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന തന്‍റെ ആത്മകഥയിലെ വെളിപ്പെടുത്തലാണെന്നും വിവാദം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് പരമാവധി പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ്‌ നമ്പാടന്‍ മാധ്യമങ്ങളെ സമീപിച്ചത്‌. ഇത് പബ്ലിസിറ്റിക്കുള്ള തന്ത്രം മാത്രമാണ്.

നമ്പാടന്‍റെ ആരോപണം, ആത്മകഥ വിറ്റഴിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കുണ്ടുകുളം പിതാവിനോടൊപ്പം കെനിയന്‍ യാത്രയ്ക്കുണ്ടായിരുന്ന ഫാദര്‍ വര്‍ഗീസ്‌ പാലത്തിങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുബായില്‍ നിന്ന് സ്വര്‍ണവും പണവും സംഭാവനയായി സ്വീകരിച്ച് കെനിയയിലേക്ക് പിതാവ് പോയി എന്ന് പറയുന്നത് തന്നെ വാസ്തവവിരുദ്ധമാണ്. കാരണം, ദുബായ്‌ യാത്രയ്ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി രണ്ടുമാസത്തിനു ശേഷമാണ്‌ പിതാവ് കെനിയയിലേക്കു പോവുന്നത്‌.

നിര്‍മലദാസി സന്യാസിനിസമൂഹത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് കുണ്ടുകുളം പിതാവ് കെനിയയിലേക്ക് പോയത്. ഒരു മദര്‍ ജനറലും മറ്റൊരു കന്യാസ്ത്രീയും ഒപ്പമുണ്ടായിരുന്നു. ദുബായ്‌ വഴിയാണ്‌ പോയത് എന്ന കാര്യം ശരിയാണ്‌. എന്നാല്‍ മാറിക്കയറുന്നതിനായി ഒരു മണിക്കൂറോളം ദുബായ്‌ വിമാനത്താവളത്തില്‍ ചെലവഴിച്ചതല്ലാതെ പിതാവ് പുറത്തിറങ്ങിയിട്ടു പോലുമില്ല. ഒരുതരത്തിലുള്ള ധനസമാഹരണവും അവിടെ നടന്നിട്ടില്ല. പ്ലാസ്റ്റിക്‌ കൊണ്ടുള്ള കുരിശു മാത്രമാണ്‌ പിതാവിന്‍റെ കഴുത്തിലുണ്ടായിരുന്നത് എന്നതിന് താന്‍ സാക്ഷിയാണ്‌.

നെയ്‌റോബിയില്‍നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ഘരമാര മഠത്തില്‍ ഒരാഴ്ച തങ്ങിയശേഷമാണ്‌ വാമ്പയിലേക്കു പുറപ്പെട്ടത്‌. വാമ്പയിലെ നിര്‍മലദാസി സന്യാസിനി മഠത്തില്‍ രണ്ടുദിവസം താമസിച്ചു. അതിനിടയിലാണ് മരണം സംഭവിച്ചത്‌. ഉച്ചഭക്ഷണശേഷം മുപ്പതോളം കന്യാസ്ത്രീകളുമായി സംസാരിച്ചു നടക്കുന്നതിനിടെ പിതാവിനു പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍തന്നെ സമീപത്തെ ഇറ്റാലിയന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താന്‍ ഈ പറഞ്ഞതാണ് സത്യമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പറയാന്‍ പാടില്ലാത്തവ പരസ്പരവിരുദ്ധമായി പറയുകയാണ്‌ നമ്പാടന്‍. അദ്ദേഹം പറയുന്നതെല്ലാം ചില കേട്ടറിവുകളെ മാത്രം അടിസ്ഥാനമാക്കിയാണ്‌. തന്‍റെ മരുമകന്‍റെ ജ്യേഷ്ഠനും മൂന്നുവര്‍ഷം മുമ്പ്‌ മരിച്ചയാളുമായ ജോര്‍ജ്‌ ജോസഫ്‌ പറഞ്ഞറിഞ്ഞ കാര്യങ്ങളെന്നു പറഞ്ഞാണ്‌ നമ്പാടന്‍ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചത്‌. മരിച്ചവരുടെ പേരില്‍ എന്ത് വൃത്തികേടും വിളിച്ചുപറയാമല്ലോ എന്നും ഫാദര്‍ വര്‍ഗീസ്‌ പാലത്തിങ്കല്‍ ചോദിക്കുന്നു.

WEBDUNIA|
(കുണ്ടുകുളം പിതാവിന്റെ ചിത്രത്തിന് കടപ്പാട് - ട്രിച്ചൂര്‍‌ആര്‍ച്ച്‌ഡിയോസീസ് ഡോട്ട് ഓര്‍ഗ് / ലോനപ്പന്‍ നമ്പാടന്റെ ചിത്രത്തിന് കടപ്പാട് - ഇരിഞ്ഞാലക്കുട ഡോട്ട് കോം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :