കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നതിനോട് ആന്‍റണിക്ക് എതിര്‍പ്പ്

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കുഞ്ഞാലിക്കുട്ടി വിവാദം ലീഗിലേതുപോലെ കോണ്‍ഗ്രസിലും പുകയുകയാണ്. കുഞ്ഞാലിക്കുട്ടിയെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ബലി കൊടുക്കുന്നതിന് തുല്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഉന്നത നേതാക്കളില്‍ ചിലര്‍ക്കുണ്ട്. അതില്‍ പ്രധാനി എ കെ ആന്‍റണിയാണ്.

കുഞ്ഞാലിക്കുട്ടി വിവാദത്തില്‍ ലീഗോ കോണ്‍ഗ്രസോ എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും അവ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തില്ല എന്ന് ആന്‍റണി തിരിച്ചറിയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം ഉറപ്പായിരുന്ന വിജയം ഈ വിവാദത്തോടെ കൈവിട്ടു പോകാനുള്ള സാധ്യതയും മുന്നില്‍ കാണുന്നു. അതുകൊണ്ടുതന്നെ ഉമ്മന്‍‌ചാണ്ടിയും രമേശും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് കടുത്ത എതിര്‍പ്പാണ് ആന്‍റണിക്കുള്ളത്.

കുഞ്ഞാലിക്കുട്ടി വിവാദത്തോടെ ഉമ്മന്‍‌ചാണ്ടി നയിക്കുന്ന ‘കേരള മോചനയാത്ര’ ദുര്‍ബലമായി മാറി. ജനങ്ങളോട് സംവദിക്കുമ്പോള്‍ ഈ വിവാദത്തെക്കുറിച്ചാണ് പറയേണ്ടി വരുന്നത്. അപ്പോഴൊക്കെ ജാഥാ ക്യാപ്ടനും മറ്റ് നേതാക്കളും പ്രതിരോധത്തിലാകുന്നു. ഈയൊരു സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം പ്രവേശിക്കേണ്ടിയിരുന്നില്ല എന്നതാണ് ആന്‍റണിയുടെ നിലപാട്. അതുകൊണ്ടുതന്നെ കേരള മോചനയാത്രയുടെ സമാപന സമ്മേളനത്തില്‍ ആന്‍റണി പങ്കെടുക്കില്ല.

ഈ വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് ഉമ്മന്‍‌ചാണ്ടിക്കാണ്. ‘അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ വഴിവിട്ട് പലരെയും സഹായിച്ചിട്ടുണ്ട്’ എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ മറ്റൊന്നും ആലോചിക്കാതെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയുമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഇത് സി പി എം നേതാക്കള്‍ ആഘോഷിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞാലിക്കുട്ടി തന്ത്രപൂര്‍വം ആ പ്രസ്താവനയില്‍ നിന്ന് പിന്‍‌മാറി. ഉമ്മന്‍‌ചാണ്ടി വെട്ടിലാവുകയും ചെയ്തു.

കോണ്‍ഗ്രസിനെ ചെളിവാരിത്തേക്കാന്‍ വിട്ടുകൊടുത്ത് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടിനെയാണ് ആന്‍റണി ചോദ്യം ചെയ്യുന്നത്. ആന്‍റണിക്ക് പകരം വയലാര്‍ രവി മോചനയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നതാണ് ഒടുവിലത്തെ വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :