കാര്‍ത്തികേയന്‍ മന്ത്രിയാകാന്‍ സാധ്യതയില്ല, ബിജെപിയുടെ ക്ഷണത്തിന് പ്രസക്തിയില്ല, സി പി ഐക്ക് അഭിനന്ദനം: പി സി ജോര്‍ജ്ജ്

വി ഹരികൃഷ്‌ണന്‍| Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (18:35 IST)
ഇടതുമുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നിട്ടുണ്ടോ?

അങ്ങനെയൊരു ചര്‍ച്ച നടന്നതാ‍യി എനിക്കറിയില്ല. കാരണം അങ്ങനെയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. പാര്‍ട്ടി കമ്മിറ്റികളില്‍ അത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇനി അങ്ങനെയൊരു ചര്‍ച്ച ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി തീരുമാനമല്ല. അതെല്ലാം വ്യക്തിപരമാണ്. അങ്ങനെ നടന്നുവെന്നുള്ളതിന് തെളിവൊന്നും വന്നിട്ടില്ല. അത് പാര്‍ട്ടിയില്‍ ചര്‍ച്ച വരാത്തതുകൊണ്ട് എനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ല. അങ്ങനെ അഭിപ്രായം പറയുന്നത് മര്യാദയുമല്ല.

ബിജെപി ക്ഷണം വച്ചു നീട്ടിയിരുന്നല്ലോ?

ആ ക്ഷണത്തിനൊരു പ്രസക്തിയുമില്ല. ജന്മഭൂമി പത്രത്തില്‍ ഒരു ലേഖനം വന്നുവെന്നല്ലാതെ ബിജെപിയിലേക്ക് പോകുന്നുവെന്ന് ഞങ്ങളാരെങ്കിലും പറഞ്ഞാലല്ലേ പ്രസക്തിയുള്ളൂ. ഞങ്ങള്‍ അങ്ങനെ പറയാത്തിടത്തോളം കാലം, ഇല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ ബിജെപിയില്‍ നേതാക്കന്മാര്‍ തമ്മില്‍ കലഹിക്കേണ്ടെന്നേ എനിക്ക് പറയാനുള്ളൂ.

മന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ടല്ലോ, കാര്‍ത്തികേയന്‍ മന്ത്രിയാകുമെന്നും മറ്റും?

ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കെപിസിസി പ്രസിഡന്റുമായി പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. കാര്‍ത്തികേയന്‍ മന്ത്രിയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാര്‍ത്തികേയന്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നേ. വെറുതെ കാര്‍ത്തികേയനെ പോലെ ഒരു വ്യക്തിയെ അപമാനിക്കുന്നത് ശരിയല്ല. സ്പീക്കര്‍ സ്ഥാനം രാജി വെക്കാന്‍ അനുവാദം ചോദിച്ചുവെന്നല്ലാതെ ഒരിക്കലും മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല. മന്ത്രിയാകാനുള്ള സാധ്യത ഞാന്‍ കാണുന്നുമില്ല.

പട്ടയപ്രശ്നത്തില്‍ പ്രത്യേകിച്ച് ചെറുനെല്ലി എസ്റ്റേറ്റ് സംബന്ധിച്ച് നിലപാട് എന്താ‍ണ്?

ചെറുനെല്ലി എസ്റ്റേറ്റ് ഒന്നുമല്ല പ്രശ്നം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് 1-7-1977നു മുമ്പ് കൃഷിഭൂമിയായിരുന്ന മുഴുവന്‍ സ്ഥലവും പട്ടയം നല്‍കി കാര്‍ഷിക മേഖലയാക്കണമെന്നാണ്. അതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമൊന്നുമില്ല. ചെറുനെല്ലി മേഖലയില്‍ പട്ടയഭൂമിയുണ്ട്. റവന്യൂ പട്ടയമാ. ഫോറസ്റ്റ് പട്ടയമല്ല. ആ കൃഷിഭൂമിയെല്ലാം കൂടി വനമാണെന്ന് പറഞ്ഞ് ആ അംഗീകരിക്കില്ല, ഇ‌എഫ്‌എല്‍ നിയമം പൊളിച്ചെഴുതണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി വളരെ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ ചെറുനെല്ലി എസ്റ്റേറ്റ് എന്നല്ല -7-1977നു മുമ്പ് മുഴുവന്‍ എസ്റ്റേറ്റുകള്‍ക്കും പട്ടയം നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം.

അടുത്ത പേജില്‍ - ഗണേഷുമായുള്ള പ്രശ്നം വ്യക്തിപരമല്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :