മലയാളികള്‍ക്ക് ലൈംഗിക പക്വതയില്ലെന്നും ഒരാണിനെയും പെണ്ണിനെയും തനിച്ചൊരു വീട്ടില്‍ കണ്ടാല്‍ സദാചാരികള്‍ ആക്രമിക്കാന്‍ വരുന്ന അവസ്ഥ കേരളത്തില്‍ മാത്രമേ കാണുകയുള്ളൂവെന്നും പ്രശസ്ത സാഹിത്യകാരന് സക്കറിയ. ഒരു ഇംഗ്ലീഷ് പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് സക്കറിയ വീണ്ടും ഉണ്ണിത്താന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താനും കൂടെയുണ്ടായിരുന്ന യുവതിയും പ്രായപൂര്‍ത്തിയായവര്‍ ആണെന്നും അതുകൊണ്ടുതന്നെ അവരെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സക്കറിയ അഭിമുഖത്തില്‍ പറയുന്നു.
രാഷ്ട്രീയമെന്നും ലൈംഗിക വൈകൃതം എന്നും പേരുള്ള രണ്ട് രോഗങ്ങള്‍ കേരളീയ സമൂഹത്തെ ഗ്രസിച്ച് കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ആവശ്യമായ അളവില്‍ സെക്സ് കിട്ടുന്നില്ല. ഡല്‍ഹിയിലും മൈസൂരിലും ചെന്നൈയിലും താമസിക്കുമ്പോള്‍ ഒരിക്കലും ആരും തന്റെ സ്വകാര്യ ചെയ്തികളിലേക്ക് നുഴഞ്ഞ് കയറിയിരുന്നില്ലെന്നും സക്കറിയ പറയുന്നു.
ലൈംഗികതയോടും സ്ത്രീ-പുരുഷ ബന്ധത്തോടും വളരെ അയഞ്ഞ മനോഭാവമാണ് കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ വന്ന് ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതോടെ ലൈംഗികത പാപമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും സഭയുടെ കയ്യിലായതിനാല്‍ ഇപ്പോഴും ലൈംഗികത പാപമാണെന്ന് ഇവിടെയെല്ലാം പഠിപ്പിക്കപ്പെടുന്നു.
ആദ്യകാല കമ്യൂണിസ്റ്റുകള്‍ മാനവവാദികള്‍ കൂടിയായിരുന്നു. ജാതിയും മതവും ഒന്നും നോക്കിയല്ല ഇവര്‍ പ്രണയിച്ചത്. ഒളിവില്‍ കഴിയുമ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ജാരസന്തതികള്‍ ഉണ്ടാവുകയും ചെയ്തു. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ എന്ന പുസ്തകം ഒന്ന് വായിച്ചുനോക്കുക.
എന്നാല്‍ പാര്‍ട്ടിക്ക് ഭരണവും അധികാരവും കിട്ടിയതോടെ സ്ഥിതിഗതികള്‍ മാറി. സ്റ്റാലിന് മോഡല്‍ ഇവിടേക്ക് ഇറക്കുമതി ചെയ്തു. പാര്‍ട്ടിയിലെ മാനവികത വലിച്ചെറിയപ്പെട്ടു. വ്യക്തിയുടെ സമ്പൂര്‍ണ നിയന്ത്രണം പാര്‍ട്ടി ഏറ്റെടുത്തു. വിശാലമനസുള്ളവരും മാനവികതയില്‍ വിശ്വസിക്കുന്നവരും ആയ ആളുകള്‍ പാര്‍ട്ടി വിട്ട് പോകാനും തുടങ്ങി. ഒവി വിജയന് തൊട്ട് പി ഭാസ്കരന് വരെയുള്ളവര്‍ ഇങ്ങനെ പാര്‍ട്ടി വിട്ടവരാണ്.
ഫ്യൂഡല്‍ ഹിന്ദുക്കളും ക്രിസ്ത്യന്‍ സഭയും ഇടതുപക്ഷവും മാധ്യമങ്ങളും കൂടി കേരളത്തിനെ ലൈംഗികവൈകൃതം വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറ്റിയെടുത്തു. ഒരിക്കല്‍ കേരളത്തില്‍ എത്തിയ അരുന്ധതി റോയി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ സമ്മതിച്ചില്ല. ‘അവര്‍ നോക്കുന്നത് എന്റെ മുഖത്തല്ല, പകരം മാറിലേക്കാണ്’ എന്നാണ് കാരണമായി അരുന്ധതി പറഞ്ഞത്.
കേരളത്തിന് ഒരു പ്രതീക്ഷയും വേണ്ട. രാഷ്ട്രീയവും മതങ്ങളും ഇവിടെ ചീഞ്ഞ് നാറുകയാണ്. ജാതികള്‍ വീണ്ടും ഊര്‍ജ്ജം സംഭരിക്കുന്നു. പഴയ കമ്യൂണിസ്റ്റുകാരും ശ്രീനാരായണ ഗുരുവുമൊക്കെ വലിച്ചെറിഞ്ഞ ചീഞ്ഞ ചിന്തകള്‍ വീണ്ടും കേരളത്തെ പുണരുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ അശ്ലീലവും അപകടകരവുമായ പങ്കാണ് ഈയവസ്ഥയില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് - സക്കറിയ പറയുന്നു.