എസ് ഹർഷ|
Last Updated:
വെള്ളി, 12 ജനുവരി 2018 (13:40 IST)
തലസ്ഥാനത്തെ സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത് എന്ന യുവാവ് സമരം തുടങ്ങിയിട്ട് ഇന്നേക്ക് 761 ദിവസം. സെക്രട്ടറിയേറ്റിന്റെ മുന്നിലെ വഴിയോരത്ത് നിരവധി ആളുകൾ നീതിക്കാതി സമരം ചെയ്തിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഒരു ചേട്ടൻ സമരം തുടരുകയാണ് തന്റെ സഹോദരന്റെ കൊലയാളികൾക്ക് ശിക്ഷ കിട്ടണമെന്ന ആവശ്യവുമായി.
കഴിഞ്ഞ 760 ദിവസങ്ങളിലൊന്നും അതുവഴി കടന്നുപോയ നേതാക്കളുടെയോ ഭരണകർത്താക്കളുടെയോ ശ്രദ്ധയിൽപ്പെടാനും മാത്രമുള്ള സെലിബ്രിറ്റി യോഗ്യതകളൊന്നുമില്ലാത്ത ഒരു യുവാവ്. പേര് ശ്രീജിത്. ഭരണകൂടം കൊന്നുകളഞ്ഞ തന്റെ അനുജന്റെ നീതിക്കായിട്ടാണ് ശ്രീജിത് സമരം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത പെട്ടന്നാണ് വൈറലായത്. സോഷ്യൽ മീഡിയ ഒന്നാകെ ശ്രീജിത്തിനെ ഏറ്റെടുത്ത് കഴിഞ്ഞു. ശ്രീജിത്തിനെ പോലെ സോഷ്യൽ മീഡിയയും പറയുന്നു അനുജൻ ശ്രീജീവന് നീതി ലഭിക്കണമെന്ന്. അതിനായി അവരൊന്നിച്ച് കൈകോർത്ത് കഴിഞ്ഞു.
പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന് നീതി വേണമെന്നതാണ് ശ്രീജിത്തിന്റെ ഏക ആവശ്യം. 2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം കുടിച്ചാണ് ശ്രീജീവ് മരിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
എന്നാല്‍ ശ്രീജിത്തോ കുടുംബമോ അത് വിശ്വസിക്കാന്‍ തയ്യാറല്ല. കാരണം മരണപ്പെട്ട ശ്രീജിവിന്റെ ശരീരത്തിലെമ്പാടും മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. വലത് വാരിയെല്ലിന്റെ ഭാഗത്തും കഴുത്തിലും വൃഷണത്തിലും മര്‍ദനമേററ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു.
'കൊതുകിനെയോ ഈച്ചയെയോ കൊല്ലുന്നത് പോലെ അനിയനെ അവര്‍ കൊന്നുകളഞ്ഞു. അനിയന്‍ എന്നതിനപ്പുറം കൂട്ടുകാരനായിരുന്നു അവന്‍. എന്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍. അവന്റെ മരണം വെറും ആത്മഹത്യയായി എഴുതിത്തള്ളാന്‍ കഴിയില്ല' എന്നാണ് ശ്രീജിത്ത് പറയുന്നത്.
ശ്രീജിത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കമ്പ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
അധികാരമുള്ളവർ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ രണ്ട് വർഷത്തിൽ അധികം ഈ യുവാവിനു തെരുവിൽ കിടക്കേണ്ടി വരില്ലായിരുന്നു എന്നത് സത്യമാണ്. കഴിഞ്ഞ രണ്ട് വർഷമായി മഴയും വെയിലും മഞ്ഞും മാറി മാറി വന്നു. അധികാരികൾ മാത്രം കണ്ണു തുറന്നില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഈ ചെറുപ്പക്കാരനെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല.
സെലിബ്രിറ്റികളുടെ പരാതികളില്‍ മണിക്കൂറുകള്‍ക്കകം പരിഹാരമുണ്ടാകുന്ന നാട്ടിലാണ് നീതിക്ക് വേണ്ടി ഒരാള്‍ മരിക്കാന്‍ കിടക്കുന്നതെന്നത് പലരേയും തളർത്തുന്നു. പൊലീസിനും അധികാരികൾക്കും ഭരണത്തിനും മുന്നിൽ ശ്രീജിത്തെന്ന ചെറുപ്പക്കാരനെ, അദ്ദേഹത്തിന്റെ ആവശ്യത്തെ ഉയർത്തിക്കാട്ടുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും ആരംഭിച്ച് കഴിഞ്ഞു. ഇനിയും അധികാരികള്‍ കണ്ണ് തുറക്കാതെ, റോഡരികിൽ ആ ചെറുപ്പക്കാരന്‍ മരിച്ച് കിടന്നാല്‍ കേരളമൊന്നാകെ ആ അനീതിക്ക് മറുപടി പറയേണ്ടതായി വരും.