അപർണ|
Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (08:45 IST)
ഭാര്യയുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട പാമ്പ് മനോജിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. അയത്തിൽ സ്വദേശി രഞ്ജിത് ജോൺസണെയാണ് മനോജും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.
ചാത്തന്നൂർ പോളച്ചിറയിൽ വച്ചു രഞ്ജിത്തിന്റെ കൊലപ്പെടുത്തുകയും തമിഴ്നാട് നാഗർകോവിലിൽ മൃതദേഹം തള്ളുകയുമായിരുന്നു. ഒൻപത് വർഷത്തെ പകയുടെ പ്രതികാരമാണ് കഴിഞ്ഞ ദിവസം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട രഞ്ജിത്തും മുഖ്യപ്രതി മനോജും നല്ല അടുപ്പത്തിലായിരുന്നു. മനോജ് ഭാര്യയെ സ്ഥിരം ഉപദ്രവിക്കുമായിരുന്നു. ഇരുവരുടെയും വഴക്കുകൾ തീർക്കുന്നത് രഞ്ജിത് ആയിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അവരെ രഞ്ജിത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു. രണ്ട് മക്കളെ ഉപേക്ഷിച്ചാണ് ഭാര്യ രഞ്ജിതിനൊപ്പം പോയത്. ഇതിന്റെ പക ഒൻപത് വർഷം മനോജ് മനസ്സിൽ സൂക്ഷിച്ച് നടന്നു.
രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒൻപതു വർഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവിൽ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായ ഉണ്ണിയും മയ്യനാട് കൈതപ്പുഴ സ്വദേശിയാണ്. മനോജിനും സുഹൃത്തുക്കൾക്കുമായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.