കോലിയുടെ വിക്കറ്റ് വീണതും ഒരു ലക്ഷം പേർ നിശബ്ദതയിലേക്ക്, ആ നിമിഷം ആസ്വദിക്കാൻ ഒരു നിമിഷം നിന്നെന്ന് പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (16:12 IST)
ഏത് കായികയിനത്തിലായാലും ഒരു വലിയ കൂട്ടം കാണികളെ നിശബ്ദരാക്കുക എന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്നാണ് ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ ദിനത്തിന് തലേദിവസം ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് പറഞ്ഞത്. പലരും അത് കമ്മിന്‍സിന്റെ അമിതമായ ആത്മവിശ്വാസമായി കണ്ടെങ്കിലും ഇന്ത്യയെ വലിഞ്ഞുമുറുക്കാന്‍ കൃത്യമായ പദ്ധതികളുമായി ഓസീസ് പട ഇറങ്ങിയപ്പോള്‍ കമ്മിന്‍സിന്റെ വാക്കുകള്‍ അച്ചട്ടായി മാറി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് പതിയെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 81 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഈ സഖ്യം മത്സരത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന സമയത്തായിരുന്നു ഓസീസ് നായകന്റെ രംഗപ്രവേശനം. കമ്മിന്‍സിന്റെ പന്തിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ 62 പന്തില്‍ 54 റണ്‍സുമായി നിന്ന വിരാട് കോലി പുറത്തായതും ഇന്ത്യന്‍ ആരാധകര്‍ അടങ്ങിയ ആള്‍ക്കൂട്ടം നിശബ്ദമായി മാറി. ഈ നിമിഷം താന്‍ ആസ്വദിച്ചതായാണ് മത്സരശേഷം ഓസീസ് നായകന്‍ പറഞ്ഞത്.

ആ നിമിഷം ആ സ്‌റ്റേഡിയത്തിലുണ്ടായ മൂകത അറിയുവാന്‍ വേണ്ടി മാത്രം ഒരു നിമിഷം താന്‍ നിന്നതായാണ് കമ്മിന്‍സ് വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കമ്മിന്‍സ് ഇക്കാര്യം പറഞ്ഞത്. സെഞ്ചുറിയിലേക്ക് കോലി കുതിക്കുന്ന മറ്റൊരു ദിവസം പോലെയാണ് തോന്നിയിരുന്നത്. അതിനാല്‍ ആ വിക്കറ്റ് നല്‍കിയ സംതൃപ്തി വളരെ വലുതായിരുന്നു. കമ്മിന്‍സ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :