എന്തുകൊണ്ടാണ് ഇന്ത്യ തോറ്റത്, കാരണങ്ങൾ എണ്ണിപ്പറഞ്ഞ് നായകൻ രോഹിത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (15:14 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. ടൂര്‍ണമെന്റിലെ അവസാന മത്സരം വരെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യങ്ങളെല്ലാം വെളിപ്പെട്ടത് ഫൈനല്‍ മത്സരത്തിലായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 240 റണ്‍സിന് പുറത്തായപ്പോള്‍ 43 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തോല്‍വിക്ക് കാരണങ്ങള്‍ എന്തെല്ലാമെന്ന് മത്സരശേഷം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ.

ഒന്നാമതായി ഓസീസിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു സ്‌കോര്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് രോഹിത് പറയുന്നു. പതിവ് പോലെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. 2030 റണ്‍സ് കുറവായാണ് നമ്മള്‍ ബാറ്റിംഗ് അവസാനിപ്പിച്ചത്. കോലിയും രാഹുലും നല്ല രീതിയില്‍ കളിച്ചു. ഒരു തകര്‍ച്ചയില്‍ നിന്ന് ഇന്നിങ്ങ്‌സ് പടുത്തുയര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. 270280 റണ്‍സായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡില്‍ 240 റണ്‍സ് മാത്രമായിരുന്നു എന്നതിനാല്‍ വിക്കറ്റ് വീഴ്ത്താന്‍ തന്നെയാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും തമ്മിലുണ്ടായ കൂട്ടുകെട്ട് എല്ലാം തകിടം മറിച്ചു. കഴിവിന്റെ പരമാവധി ഞങ്ങള്ള് ശ്രമിച്ചു. രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് എളുപ്പമെന്നാണ് എനിക്ക് തോന്നിയത്. തോല്‍വിയില്‍ ഞാന്‍ അത് ന്യായീകരണമായി പറയുന്നില്ല. ടീമിന് വേണ്ടത്ര റണ്‍സുണ്ടായിരുന്നില്ല. പേസര്‍മാര്‍ തുടക്കത്തിലെ 3 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ലബുഷെയ്‌നും ഹെഡും ചേര്‍ന്ന് മത്സരം തട്ടിയെടുത്തു. രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :