അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 നവംബര്‍ 2023 (16:48 IST)
ഏകദിന ലോകകപ്പിലെ ശ്രീലങ്കയുടെ ദയനീയമായ പ്രകടനത്തില്‍ ഇന്ത്യയെ കുറ്റം പറഞ്ഞ് ശ്രീലങ്കന്‍ ഇതിഹാസ നായകന്‍ അര്‍ജുന രണതുംഗെ. ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ശ്രീലങ്കന്‍ കായികവകുപ്പ് പിരിച്ചുവിടുകയും ഇതിനെ തുടര്‍ന്ന് ഐസിസി ശ്രീലങ്കയ്ക്ക് മുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഒന്‍പതാമതായിട്ടായിരുന്നു
ശ്രീലങ്ക അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലായിരുന്നു രണതുംഗെയുടെ പ്രതികരണം.
ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ശ്രീലങ്കയുടെ മോശം പ്രകടനത്തിന് കാരണം ഇതാണെന്നുമാണ് രണതുംഗെയുടെ ആരോപണം. ജയ്ഷായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ജയ് ഷായുടെ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്. ലങ്കന്‍ ബോര്‍ഡിനെ എന്തും ചെയ്യാമെന്ന നിലയിലായി കാര്യങ്ങള്‍. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുടെ മകനായതിനാല്‍ അദ്ദേഹം ശക്തനുമാണ്. രണതുംഗെ പറഞ്ഞു.