രേണുക വേണു|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (09:12 IST)
WTC Qualification Scenario: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ പത്ത് വിക്കറ്റ് തോല്‍വിയോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇനി ഇന്ത്യയുടെ വിധി നിര്‍ണയിക്കുക.
നിലവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ജയിച്ച് 4-1 എന്ന മാര്‍ജിനിലേക്ക് ഇന്ത്യ എത്തുകയാണെങ്കില്‍ മറ്റു ടീമുകളുടെ ഫലം ആശ്രയിക്കാതെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കുന്നതെങ്കിലും മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
3-2 നാണ് ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി സ്വന്തമാക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരമെങ്കിലും ശ്രീലങ്ക സമനിലയാക്കണം. ഇന്ത്യയുടെ പോയിന്റ് ശതമാനം 58.8 ല്‍ നില്‍ക്കുകയും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 57 ല്‍ നില്‍ക്കുകയും വേണം.
അഥവാ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-2 സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാകും. അങ്ങനെ വന്നാല്‍ ശ്രീലങ്ക 1-0 ത്തിനോ 2-0 ത്തിനോ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നിര്‍ബന്ധമായും സ്വന്തമാക്കണം. മാത്രമല്ല ഇന്ത്യയുടെ പോയിന്റ് ശതമാനം 55.3 ല്‍ നില്‍ക്കുകയാണെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടത്തോടെ ഓസീസിന്റെ പോയിന്റ് ശതമാനം 53.5 ലേക്ക് വീഴണം.