രേണുക വേണു|
Last Modified ശനി, 7 ഡിസംബര്‍ 2024 (09:05 IST)
അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരത്തിനോടു മോശമായി പെരുമാറിയ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിനു വിമര്‍ശനം. ഓസീസ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നു നേരെ സിറാജ് പന്ത് വലിച്ചെറിഞ്ഞതാണ് ഇന്ത്യന്‍ ആരാധകരെ പോലും ചൊടിപ്പിച്ചിരിക്കുന്നത്. സിറാജിന്റെ രോഷപ്രകടനം അല്‍പ്പം അതിരുകടന്നതായും വിക്കറ്റ് കിട്ടാത്തതിന്റെ നിരാശ എതിര്‍ താരത്തോടല്ല പ്രകടിപ്പിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിലെ 25-ാം ഓവറിലായിരുന്നു സംഭവം. മാര്‍നസ് ലബുഷെയ്ന്‍ ആയിരുന്നു സിറാജിന്റെ പന്ത് നേരിടാന്‍ ക്രീസില്‍. സിറാജ് റണ്ണപ്പ് തുടങ്ങി ക്രീസിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പ് ലബുഷെയ്ന്‍ പന്തു നേരിടാതെ പിന്‍വാങ്ങി. ഗാലറിയിലൂടെ കാണികളിലൊരാള്‍ നടന്നുപോകുന്നത് തന്റെ കാഴ്ചയെ ബാധിക്കുമെന്നതിനാലാണ് ഓസീസ് ബാറ്ററുടെ പിന്മാറ്റം. എന്നാല്‍ ഈ സമയത്ത് സിറാജ് ലബുഷെയ്‌നു നേരെ പന്ത് വലിച്ചെറിഞ്ഞു.
സിറാജ് ലബുഷെയ്‌നെ നോക്കി കോപിക്കുന്നുണ്ട്. പിന്‍വാങ്ങിയതിന്റെ കാരണം ലബുഷെയ്ന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സിറാജ് അതൊന്നും കാര്യമാക്കിയില്ല. സിറാജ് എറിഞ്ഞ പന്ത് ലബുഷെയ്‌ന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സംഭവത്തിനു ശേഷം ഇരുവരും ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചു.
സിറാജ് ചെയ്തത് വളരെ മോശമായിപ്പോയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. സിറാജ് ചില സമയത്തൊക്കെ വാര്‍ത്തകളില്‍ നിറയാന്‍ വേണ്ടി ഓവര്‍ അഗ്രസീവ്‌നെസ് കാണിക്കുകയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും പരിഹസിക്കുന്നു.