രേണുക വേണു|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (10:24 IST)
World Test Championship Point Table: ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ത്രിശങ്കുവില്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരില്‍ ഏതെങ്കിലും രണ്ട് ടീമുകള്‍ ആയിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ത്തിനു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക 63.33 പോയിന്റ് ശതമാനത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 60.71 ആണ്. ഒന്നില്‍ നിന്ന് മൂന്നിലേക്ക് വീണ ഇന്ത്യക്ക് 57.29 പോയിന്റ് ശതമാനമാണ് ഇപ്പോള്‍ ഉള്ളത്.
ദക്ഷിണാഫ്രിക്കയ്ക്ക് പാക്കിസ്ഥാനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇനിയുള്ളത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ ഉണ്ട്. പാക്കിസ്ഥാനെതിരായ പരമ്പര 1-1 ന് സമനിലയില്‍ ആയാല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കയറാം.
ഓസ്‌ട്രേലിയയ്ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കഴിഞ്ഞാല്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയുണ്ട്. ഇന്ത്യയോടു 2-3 നു പരമ്പര തോറ്റാല്‍ പോലും ശ്രീലങ്കയ്‌ക്കെതിരെ 2-0 ത്തിനു ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്കു ഫൈനലില്‍ എത്താനുള്ള സാധ്യത കൂടുതലാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകള്‍ മാത്രം ശേഷിക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഓസീസിനെതിരായ പരമ്പര 3-1 നു സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 2-1 നു ജയിച്ചിട്ടും കാര്യമില്ല. അങ്ങനെ സംഭവിച്ചാല്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ 2-0 ത്തിനു തോല്‍പ്പിക്കുകയാണെങ്കില്‍ രോഹിത്തിന്റേയും കൂട്ടരുടെയും സാധ്യതകള്‍ അസ്തമിക്കും. ഇനി 2-3 നു ഓസ്‌ട്രേലിയയോടു തോറ്റാല്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ 2-0 ത്തിനു തോല്‍പ്പിക്കുകയും ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ മോശം പ്രകടനം നടത്തുകയും ചെയ്താലേ ഇന്ത്യക്ക് പിന്നീട് സാധ്യതകള്‍ ഉള്ളൂ.