ധോണി ഈ ടീമിനെ ‘അടിച്ചോടി’ക്കുകയാണ്; വണ്ടറടിച്ച് കോഹ്‌ലിയും ശാസ്‌ത്രിയും - ഇങ്ങനെ തുടങ്ങിയാല്‍ ലോകകപ്പില്‍ എന്താകും ?

  ms dhoni , team india , cricket , kohli , Australia , World cup 2019 , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ലോകകപ്പ്
Last Updated: തിങ്കള്‍, 4 മാര്‍ച്ച് 2019 (15:58 IST)
ലോകകപ്പ് വര്‍ഷമായ 2019 തന്റെ വര്‍ഷമാക്കി മാറ്റുകയാണ് മഹേന്ദ്ര സിംഗ് ധോണി. ഡിആര്‍എസിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ വിക്കറ്റിന് പിന്നില്‍ ഉരുക്കു കോട്ടായാകുന്ന ധോണി ബാറ്റിംഗ് ഫോം തിരിച്ചു പിടിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഏറ്റവും സന്തോഷം പകരുന്ന കാര്യമാണിത്.

ധോണിയുടെ സാന്നിധ്യം കോഹ്‌ലിയിലെ ബാറ്റ്‌സ്‌മാനെ കൂടുതല്‍ അപകടകാരിയാക്കുന്നുണ്ട്. ഗ്രൌണ്ടില്‍ ടീമിന്റെ ഭാരം സ്വയം ഏറ്റെടുക്കുന്ന ധോണി വിരാടിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെ ആശങ്കപ്പെടുത്തുന്നത്.

നാലിന് 99 എന്ന നിലയില്‍ വിശാഖപട്ടണം ഏകദിനത്തില്‍ ടീം ഇന്ത്യ തകര്‍ച്ച നേരിട്ടപ്പോള്‍ ഓസീസ് വിജയമുറപ്പിച്ചു. എന്നാല്‍, നങ്കൂരമിട്ടു കളിച്ച ധോണി 72 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 59 റണ്‍സ് അടിച്ചു കൂട്ടിയതോടെ സന്ദര്‍ശകര്‍ മുട്ടുമടക്കി.

നാഗ്‌പൂരില്‍ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്ന ഓസീസിനെ ഭയപ്പെടുത്തുന്നത് ധോണിയുടെ ബാറ്റാണ്. ഓസീസ് പര്യടനത്തിലാണ് ധോണി തന്റെ ഫോം തിരിച്ചു പിടിച്ചത്. മഞ്ഞപ്പടയ്‌ക്കെതിരെ ഈ വർഷം കളിച്ച തുടർച്ചയായ നാലാം മൽസരത്തിലാണ് ധോണി അർധസെഞ്ചുറി നേടുന്നത്.

കങ്കാരുക്കള്‍ക്കെതിരെ അവരുടെ നാട്ടിൽ നടന്ന മൂന്ന് ഏകദിനങ്ങളിലും ധോണി തുടർച്ചയായി അർധസെഞ്ചുറി നേടിയിരുന്നു. പിന്നാലെ, ഇന്ത്യയില്‍ എത്തിയ ഓസീസിനെതിരെയും ധോണി അതേ ഫോം തുടരുകയാണ്. ഇതാണ് ഓസ്‌ട്രേലിയന്‍ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്.

മുന്‍ നിരവിക്കറ്റുകള്‍ തകരുമ്പോള്‍ മധ്യനിര മുതല്‍ വാലറ്റം വരെയുള്ളവരെ കൂട്ട് പിടിച്ച് ധോണി നടത്തുന്ന പ്രകടനമാണ് എതിരാളികള്‍ക്ക് ഭീഷണിയാകുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന പേസും ബൌണ്‍സും ഒളിഞ്ഞിരിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിലും ധോണിയുടെ ഈ രക്ഷപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ടീമും ആരാധകരും ധോണിയില്‍ നിന്നും ആഗ്രഹിക്കുന്നത് ഈ പ്രകടനമാണ്. പരിശീലകന്‍ രവി ശാസ്‌ത്രിയെ ആശങ്കപ്പെടുത്തുന്നതാണ് മധ്യനിരയുടെ പ്രകടനം. ധോണി നിലയുറപ്പിച്ചാല്‍ ഇക്കാര്യത്തില്‍ ടെന്‍‌ഷന്‍ വേണ്ട എന്ന നിലപാടിലേക്ക് ഇന്ത്യന്‍ മാനേജ്‌മെന്റ് നീങ്ങിക്കഴിഞ്ഞു. അതിന്റെ സൂചനകളാണ് ഓസീസ് പര്യടനം മുതല്‍ ധോണിയില്‍ നിന്നും ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :