അഭിറാം മനോഹർ|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (18:46 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ വിജയം നേടിയശേഷം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീമിനായി വെസ്റ്റിന്‍ഡീസ് ഒരുക്കിയ സൗകര്യങ്ങളിലാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അതൃപ്തി അറിയിച്ചത്. ആഡംബരങ്ങളൊന്നും ചോദിക്കുന്നില്ലെന്നും പക്ഷേ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ഹാര്‍ദ്ദിക് പറഞ്ഞു.
ഈ പരമ്പരയില്‍ കളിച്ച മനോഹരമായ ഗ്രൗണ്ടുകളില്‍ ഒന്നാണിത്. ഞങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളൊന്നും വേണ്ട പക്ഷേ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കി നല്‍കണം. അതൊഴിച്ചാല്‍ വെസ്റ്റിന്‍ഡീസ് പര്യടനം എല്ലാകാലത്തും ആസ്വാദ്യകരമാണ് മുന്‍ വിന്‍ഡീസ് താരം കൂടിയായ ഡാരന്‍ ഗംഗയുടെ ചോദ്യത്തിന് മറുപടിയായി ഹാര്‍ദ്ദിക് പറഞ്ഞു. നേരത്തെ ട്രിനിഡാഡില്‍ നിന്നും ബാര്‍ബഡോസിലേക്കുള്ള വിമാനം രാത്രി 4 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇതിലുള്ള അതൃപ്തി താരങ്ങള്‍ ബിസിസിഐ അറിയിക്കുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തിന് തലേ ദിവസമാണ് ഈ സംഭവമുണ്ടായത്.