സമയം തരു, ഇന്ത്യൻ ഫുട്ബോളിനെ ആദ്യ പത്തിലെത്തിക്കാം: കോച്ചായി തുടരാൻ ആഗ്രഹമെന്ന് ഇഗോർ സ്റ്റിമാക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (15:31 IST)

ക്രിക്കറ്റിലെ നിര്‍ണായകശക്തിയാണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികയിനങ്ങളില്‍ ഒന്നായ ഫുട്‌ബോളില്‍ ഇപ്പോഴും ദുര്‍ബലരായ ടീമാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കിരീടനേട്ടങ്ങള്‍ ഉള്‍പ്പടെ മികച്ച പ്രകടനമാണ് ഫുട്‌ബോളില്‍ നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ഫിഫാ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഉള്‍പ്പെടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ നേട്ടങ്ങള്‍ക്കെല്ലാം തന്നെ മുഖ്യ പങ്ക് വഹിച്ചത് ഇന്ത്യയുടെ ക്രൊയേഷ്യന്‍ കോച്ചായ ഇഗോര്‍ സ്റ്റിമാക്കാണ്.

നിലവില്‍ ഈ വര്‍ഷത്തെ ഏഷ്യാകപ്പ് വരെയാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമുമായി കരാറുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തനിക്ക് തുടരാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റിമാക്ക്. നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യപത്തിലെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന് സ്റ്റിമാക്ക് പറയുന്നു. കരാര്‍ പുതുക്കുകയാണെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഏഷ്യയിലെ മികച്ച 10 ടീമുകളിലൊന്നായി ഇന്ത്യയെ മാറ്റാനാകും. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. അതിനായി എന്നെ വിശ്വസിക്കുക. സ്റ്റിമാക്ക് പറഞ്ഞു.

സ്റ്റിമാക്കിന്റെ പരിശീലനത്തിന് കീഴില്‍ ആകെ 41 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 11 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 12 എണ്ണം സമനിലയിലായി 18 മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. എന്നാല്‍ അവസാന 11 കളികളില്‍ അപരാജിതരായാണ് ഇന്ത്യന്‍ കുതിപ്പ്. പരിശീലന കാലത്ത് 3 വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ പിന്തുടര്‍ന്ന ലോംഗ് ബോള്‍ ശൈലിയില്‍ നിന്നും പന്ത് കൈവശം വെയ്ക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറിയത് സ്റ്റിമാക്കിന്റെ കീഴിലാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും സ്റ്റിമാക്ക് ശ്രദ്ധിക്കുന്നുണ്ട്. മികവിലേക്ക് എത്തിയില്ലെങ്കില്‍ ഛേത്രിക്ക് പോലും ടീമില്‍ അവസരം ഉണ്ടാകില്ലെന്ന നിലപാട് പുലര്‍ത്തുന്ന സ്റ്റിമാക്ക് പലപ്പോഴും കര്‍ക്കശക്കാരനാണ്. എന്നാല്‍ ഈ ശീലങ്ങളാണ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ജീവന്‍ പകര്‍ന്നിരിക്കുന്നത് എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :