അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (12:57 IST)
ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ഓസീസിനെതിരെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീമിനെ 199 റണ്‍സിലേയ്ക്ക് തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ എളുപ്പത്തില്‍ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മത്സരം തുടങ്ങിയതും ഇന്ത്യയുടെ 3 മുന്‍നിര താരങ്ങള്‍ പൂജ്യരായി മടങ്ങിയിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന കോലി രാഹുല്‍ കൂട്ടുക്കെട്ടാണ് ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചത്.
2 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകളാണ് നഷ്ടമായത്. ആ സമയത്ത് ടീം തോല്‍ക്കുമോ എന്ന് താന്‍ ഭയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രോഹിത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് റണ്‍സൊന്നും നേടാതെ പവലിയനില്‍ തിരിച്ചെത്തിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലെ ആദ്യ നാല് ബാറ്റര്‍മാരില്‍ മൂന്ന് പേരും പൂജ്യത്തിന് പുറത്താകുന്നത്.
ഇന്ത്യയുടെ ഈ മോശം തുടക്കത്തില്‍ മറ്റാരെയും പോലെ താനും ഭയപ്പെട്ടെന്നാണ് രോഹിത് വ്യക്തമാക്കിയത്. റണ്‍ചേസില്‍ ആരും ഇങ്ങനെയൊരു തുടക്കം ആഗ്രഹിക്കില്ല. ഞാനും ഭയപ്പെട്ടു. അതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും ഓസ്‌ട്രേലിയയ്ക്കാണ്. ചില മോശം ഷോട്ടുകളാണ് വിക്കറ്റിലേയ്ക്ക് വഴിവെച്ചത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തണമായിരുന്നു രോഹിത് പറഞ്ഞു. മത്സരത്തിലെ തുടക്കത്തിലെ തകര്‍ച്ച ഇന്ത്യയെ ഞെട്ടിച്ചെങ്കിലും കോലിയും രാഹുലും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കോലി 116 പന്തില്‍ 85 റണ്‍സ് നേടി പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 115 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 97 റണ്‍സോടെ പുറത്താകാതെ നിന്നു. ഒക്ടോബര്‍ 11ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്തമത്സരം.