ലോകകപ്പിൽ വിജയം മാത്രം പോര വലിയ വിജയങ്ങൾ വേണം, ആദ്യ നാല് സ്ഥാനക്കാരെ നിശ്ചയിക്കുക നെറ്റ് റൺറേറ്റ്

അഭിറാം മനോഹർ|
ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒഴികെയുള്ള ടീമുകളെല്ലാം തങ്ങളുടെ ആദ്യമത്സരം പൂര്‍ത്തിയാകക്കിയതോടെ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനത്തെത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ കനത്ത പരാജയമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മത്സരത്തില്‍ വമ്പന്‍ വിജയം നേടിയ ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

ഇന്നലെ ശ്രീലങ്കക്കെതിരെ 400+ റണ്‍സ് സ്വന്തമാക്കുകയും 102 റണ്‍സിന്റെ വിജയം നേടുകയും ചെയ്ത ദക്ഷിണാഫ്രിക്കയാണ് പോയന്റ് പട്ടികയില്‍ രണ്ടാമതുള്ളത്. നെതര്‍ലന്‍ഡ്‌സിനെതിരെ വിജയത്തോടെ തുടക്കമിട്ട പാകിസ്ഥാന്‍ മൂന്നാമതും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമാണ്. ലോകകപ്പ് പുരോഗമിക്കും തോറും ഏറ്റവും നിര്‍ണായകമാവുക ടീമുകളുടെ റണ്‍റേറ്റാകും എന്ന സൂചന നല്‍കുന്നതാണ് നിലവിലെ പോയന്റ് പട്ടിക.

ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലിലേക്കും തുടര്‍ന്ന് സെമിയിലേക്കും പോകുന്നതിന് പകരം ടീമുകള്‍ പരസ്പരം മത്സരിച്ച് ഏറ്റവും കൂടുതല്‍ പോയന്റുകളുള്ള നാല് ടീമുകള്‍ സെമിയിലെത്തുന്ന റൗണ്ട് റോബിന്‍ ശൈലിയാണ് ഈ ലോകകപ്പിനുള്ളത്. അതിനാല്‍ തന്നെ ടീമുകള്‍ക്ക് തുല്യ പോയന്റുകള്‍ വരുവാനുള്ള സാധ്യത അധികമാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍റേറ്റുള്ള ടീമുകളാകും സെമിയിലേക്ക് കടക്കുക. ലോകകപ്പിന്റെ ഈ സ്വഭാവം പൂര്‍ണ്ണമായി മനസിലാക്കി വലിയ വിജയത്തിന് വേണ്ടിയാണ് അതിനാല്‍ ടീമുകള്‍ എല്ലാം തന്നെ ശ്രമിക്കുന്നത്.

ഏകദിനത്തില്‍ വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ തകര്‍ത്തടിക്കാന്‍ ബാറ്റര്‍മാര്‍ തയ്യാറാകേണ്ടതുണ്ട്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയെല്ലാം തങ്ങളുടെ ബാറ്റര്‍മാരെ അഴിഞ്ഞാടാന്‍ അനുവദിച്ച് കൊണ്ട് വമ്പന്‍ ടോട്ടലുകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ലോകകപ്പില്‍ ഇന്ത്യയ്ക്കും കൂടുതല്‍ അക്രമണാത്മകമായ ബാറ്റിംഗ് പ്രകടനങ്ങള്‍ നടത്തേണ്ടതായി വരും. ആദ്യ മത്സരത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനാകും ടൂര്‍ണമെന്റ് മുന്നേറുമ്പോള്‍ പണി കിട്ടാന്‍ സാധ്യത ഏറ്റവും കൂടുതല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :