നാഗ്‌പുര്‍|
jibin|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (21:09 IST)
ട്വന്റി-20 ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ ന്യൂസിലന്‍ഡിനെതിരെ 127 ഇന്ത്യക്ക് റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെടുക്കാനെ സന്ദര്‍ശകര്‍ക്കായുള്ളൂ. ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഇന്ത്യക്കെതിരെ കിവിസ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. 42 പന്തിൽ 34 റൺസെടുത്ത കോറി ആന്‍ഡേഴ്‌സനാണ് ടോപ് സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്കാരും ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രവിചന്ദ്ര അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (6) നിലപാട് വ്യക്തമാക്കിയെങ്കിലും രണ്ടാം പന്തില്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിന്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നല്‍കി. അവിടെ തുടങ്ങുകയായിരുന്നു കിവിസിന്റെ കൂട്ടത്തകര്‍ച്ച.
കോളിൻ മൺറോ (7), ക്യാപ്റ്റൻ വില്യംസൺ (8), റോസ് ടെയ്‌ലർ (10) എന്നിവര്‍ നിരാശപ്പെടുത്തുകയായിരുന്നു. അഞ്ചാമനായെത്തിയ കോറി ആൻഡേഴ്‌സണ്‍ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ബുംമ്രയുടെ പന്തിൽ ക്ലീൻ ബോൾഡാകുകയായിരുന്നു. മിച്ചല്‍ സാന്റ്നര്‍ (18), ഗ്രാന്റ് എലിയട്ട് (9) എന്നിവര്‍ വന്നതും പോയതും ഒരു പോലെയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലൂക്ക് റോഞ്ചി (21) ആണ് സന്ദര്‍ശകര്‍ക്ക് മാന്യമായ സ്‌കേര്‍ സമ്മാനിച്ചത്.